
തിരുവനന്തപുരം: കെഎസ്ആർടിസിയെ ജനപ്രിയമാക്കിയതിൽ പ്രധാന പങ്കുവഹിച്ച സർവീസാണ് ബജറ്റ് ടൂറിസം സെല്ലിന്റേത്. യാത്രാ പ്രേമികളെ ആനവണ്ടിയിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ എത്തിക്കുന്ന പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന് തിരുവനന്തപുരം ജില്ലാ ആസ്ഥാനംകിഴക്കേക്കോട്ടയിൽ കെ.എസ്. ആർ.ടി.സി ഭരണനിർവ്വഹണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
യാത്രക്കാർക്ക് സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് കേരളത്തിലെ വ്യത്യസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും ഓപ്പൺ ഡബിൾ ഡക്കറും ജില്ലാ ഓഫീസിൽ നിന്ന് യഥേഷ്ടം ബുക്ക് ചെയ്യാം. രാവിലെ 7 മണി മുതൽ രാത്രി 7 വരെ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം നോർത്ത് ബസ് സ്‌റ്റാന്റിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് തുറന്ന് പ്രവർത്തിക്കും. ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച ഓഫീസ് നിർമ്മാണം നിംസ് മെഡിസിറ്റിയുടെയും ബാങ്ക് ഓഫ് ബറോഡയുടെയും സഹകരണത്തോടെയാണ് പൂർത്തീകരിച്ചത്.
സിറ്റി എ.ടി.ഒ. സി.പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ചീഫ് ട്രാഫിക് മാനേജർ ആർ. ഉദയകുമാർ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എം.എസ്. ഫൈസൽ ഖാൻ, ബാങ്ക് ഓഫ് ബറോഡ റീജിയണൽ ഡെപ്യൂട്ടി മാനേജർ ശാലിനി തമ്പി, സിനിമാ, സീരിയൽ അഭിനേതാവ് പൂജപ്പുര രാധാകൃഷ്ണൻ, ബി.ടി.സി. സ്റ്റേറ്റ് കോർഡിനേറ്റർ സുനിൽകുമാർ, എൻ.കെ.രഞ്ജിത്ത്, വി.എ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.