ind-vs-nz

മുംബയ്: ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റിലും ഇന്ത്യ പരുങ്ങുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ 235 റണ്‍സിന് എറിഞ്ഞട്ട ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്താന്‍ രണ്ടോവര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ 78-1 എന്ന ശക്തമായ നിലയില്‍ ആയിരുന്നു. എന്നാല്‍ പിന്നീടുള്ള എട്ട് പന്തുകളില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ അനാവശ്യമായി വലിച്ചെറിഞ്ഞ് കളി നിര്‍ത്തിയത് 86ന് നാല് എന്ന നിലയില്‍. ന്യൂസിലാന്‍ഡ് പോലും പ്രതീക്ഷിക്കാത്ത മേല്‍ക്കൈയാണ് അവര്‍ക്ക് സമ്മാനിച്ചാണ് ഒന്നാംദിനത്തിന് തിരശീലയിട്ടത്.

ശുഭ്മാന്‍ ഗില്‍ (31*), റിഷഭ് പന്ത് (1*) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (18)യുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ ജയ്‌സ്‌വാള്‍ (30), ഗില്‍ സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. എന്നാല്‍ അജാസ് പട്ടേലിന്റെ പന്തില്‍ അനാവശ്യ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച യുവതാരം ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. നൈറ്റ് വാച്ച്മാനായി എത്തിയത് മുഹമ്മദ് സിറാജ്. യാതൊരു യുക്തിയുമില്ലാത്ത തീരുമാനമാണെന്ന് ആദ്യ പന്തില്‍ തന്നെ താരം പുറത്തായപ്പോള്‍ മനസ്സിലായി.

അഞ്ചാമനായി ക്രീസിലെത്തിയ വിരാട് കൊഹ്ലി (4) റണ്ണൗട്ടാകുക കൂടി ചെയ്തതോടെ കിവീസ് കളി നിര്‍ത്തിയത് ചിരിക്കുന്ന മുഖവുമായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ ഇന്ത്യന്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. ജഡേജക്ക് അഞ്ച് വിക്കറ്റുകളും സുന്ദറിന് നാല് വിക്കറ്റുകളും ലഭിച്ചു. ആകാശ് ദീപിനാണ് ഒരു വിക്കറ്റ്. 158ന് മൂന്ന് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് കിവീസ് 235ന് ഒതുങ്ങിയത്.

അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഡാരില്‍ മിച്ചല്‍ (82), വില്‍ യങ്ങ് (71) എന്നിവരുടെ പ്രകടനങ്ങളാണ് കിവീസിനെ 200 കടത്തിയത്. ടോം ലതാം (28) റണ്‍സ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് നേടി 17 റണ്‍സാണ് പിന്നീട് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഡെവോണ്‍ കോണ്‍വേ (4), രചിന്‍ രവീന്ദ്ര (5), ടോം ബ്ലണ്ടല്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി.