കൊച്ചി: പ്ലസ്ടു വിദ്യാർത്ഥിയെ ഏതാനും വിദ്യാർത്ഥികൾ സംഘംചേർന്ന് മർദ്ദിച്ചെന്ന് പരാതി. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ സർക്കാർ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാ‌ർത്ഥിയായ വളപ്പ് സ്വദേശിയെ മുൻവൈരാഗ്യത്താലാണ് ഹ്യുമാനിറ്റീസ് വിഭാഗത്തിലെ 14 വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതെന്ന് വിദ്യാർത്ഥിയും പിതാവും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടത് കണ്ണിന് ഇടികിട്ടി. ശരീരത്തിലും മുഖത്തുമെല്ലാം കാര്യമായ ക്ഷതമുണ്ടെന്നും പറഞ്ഞു. അദ്ധ്യാപകർ ചേർന്ന് വിദ്യാർത്ഥിയെ ഞാറയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തിട്ടില്ലെന്ന് പിതാവ് ഉല്ലാസ് പറ‌ഞ്ഞു. വാർത്താസമ്മേളനത്തിൽ കെ. വേണു, ഓമന ശ്രീജ, ജയ ജ്വാല എന്നിവരും പങ്കെടുത്തു.

പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് ഞാറയ്ക്കൽ പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്നുതന്നെ സ്കൂൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ആരോപണ വിധേയരായ അഞ്ചു വിദ്യാർത്ഥികൾ ഇനി പരീക്ഷ എഴുതാൻ മാത്രം സ്കൂളിൽ എത്തിയാൽ മതിയെന്ന് പി.ടി.എ തീരുമാനിച്ചിട്ടുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.