
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് നയതന്ത്ര ഭിന്നത തുടരുന്നതിനിടെ ഇന്ത്യക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി കാനഡ. കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയെ 'സൈബർ എതിരാളി' എന്നാണ് വിശേഷിപ്പിച്ചത്. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി.
ഇന്ത്യൻ സർക്കാരിന്റെ അറിവോടെ കനേഡിയൻ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണങ്ങൾ നടക്കുന്നെന്നും ആരോപിച്ചു. സൈബർ സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ഖാലിസ്ഥാൻവാദികളെ ഇന്ത്യ നിരീക്ഷിക്കുന്നെന്നും കൂട്ടിച്ചേർത്തു. ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിനെ ചൂണ്ടിക്കാട്ടിയാണ് കാനഡയുടെ പുതിയ ആരോപണം.