photo

ആലപ്പുഴ : നഗരസഭയുടെ മത്സ്യലേല ഹാളിന്റെ മേൽക്കൂരയിലെ പൈപ്പും ഷീറ്റും മോഷ്ടിച്ച കേസിലെ പ്രതിയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ വാടയ്ക്കൽ വാർഡിൽ വേലിയകത്ത് വീട്ടിൽ ആദർശ് (27) ആണ് പിടിയിലായത്. ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയിൽ വാടയ്ക്കൽ വാർഡിൽ മത്സ്യഗന്ധി ജംഗ്ഷന് പടിഞ്ഞാറുവശം മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി നി‍ർമ്മിച്ച , മത്സ്യലേല ഹാളിന്റെ മേൽക്കൂരയുടെ പൈപ്പും ഷീറ്റുമാണ് ആദർശ് മോഷ്ടിച്ചത്. 28ന് ഉച്ചക്ക് ഒരു മണിയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മോഷണ വിവരം അറിഞ്ഞ വാർഡ് കൗൺസിലർ മേരിലീന നഗരസഭാ അധികൃതരെ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകി. സ്റ്റേഷൻ ഒാഫീസർ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാബു, എ.എസ്.ഐ റിച്ചാർഡ് ജെയിംസ്, സീനിയർ പൊലീസ് ഒാഫീസർമാരായ വി.എസ്.ബിനോജ്, സുധീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.