tvm-airport

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ 'അനന്ത' ടെര്‍മിനല്‍ നിര്‍മ്മാണം മാര്‍ച്ചില്‍ തുടങ്ങുമെന്ന് അദാനിഗ്രൂപ്പ്. 1,300കോടി ചെലവില്‍ മൂന്നുവര്‍ഷം കൊണ്ടാണ് 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന പുതിയ ടെര്‍മിനല്‍ ഒരുങ്ങുന്നത്. പാരിസ്ഥിതികാനുമതിക്കായി അദാനി അപേക്ഷിച്ചിട്ടുണ്ട്. അനുമതി ലഭിച്ചയുടന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. നിലവില്‍ അഞ്ച്‌ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ 18ലക്ഷം ചതുരശ്രയടിയാവും. നിലവില്‍ പ്രതിവര്‍ഷം 32ലക്ഷം യാത്രക്കാരെയാണ് ഉള്‍ക്കൊള്ളാനാകുന്നത്.


രണ്ടുനിലകളിലായാണ് നിലവിലെ അന്താരാഷ്ട്ര ടെര്‍മിനല്‍. പുതിയതിനും രണ്ടു നിലകളേയുണ്ടാവൂ. മുകള്‍നില പൂര്‍ണമായി ഡിപ്പാര്‍ച്ചര്‍ (പുറപ്പെടല്‍) യാത്രക്കാര്‍ക്കായും താഴത്തെനില അറൈവല്‍ (ആഗമനം) യാത്രക്കാര്‍ക്കുമായി മാറ്റും. മള്‍ട്ടി- ലെവല്‍- ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ എന്നാണിതിന് പറയുന്നത്. ചെക്ക്- ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍- കസ്റ്റംസ്- ഷോപ്പിംഗ് ഏരിയ എന്നിവ വിസ്തൃതമാവും.


യാത്രക്കാര്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തുനില്‍ക്കേണ്ട സ്ഥിതിയൊഴിവാക്കും. വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും ലോകോത്തര സൗകര്യങ്ങളൊരുക്കും. കൂടുതല്‍ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ വരുന്നതോടെ വിമാനത്താവള നടത്തിപ്പ് ലാഭകരമാവുമെന്നും അദാനി വിലയിരുത്തുന്നു. പുതിയ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് കൂടി വരുന്നതോടെ കാര്‍ഗോ നീക്കവും വേഗത്തിലാവും.


അടിമുടി മാറും

മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതോടെ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറും. ലോകോത്തര നിലവാരത്തിലുള്ള എയര്‍പോര്‍ട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടല്‍, കോമേഴ്‌സ്യല്‍- അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ഫുഡ്‌കോര്‍ട്ട് എന്നിവയൊരുങ്ങും. പുരാതന ക്ഷേത്രങ്ങളുടെ ശില്പചാരുതയും പുതിയ ടെര്‍മിനലില്‍ കാണാനാവും. ടെര്‍മിനലിന് മുന്നിലായാണ് 240 മുറികളുള്ള, 660പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള പഞ്ചനക്ഷത്രഹോട്ടല്‍ വരുന്നത്. ഭാവിയില്‍ തലസ്ഥാനത്തിന്റെ പ്രതീകമായി മാറുന്ന, പുതിയ എയര്‍ട്രാഫിക് കണ്‍ട്രോള്‍ അന്താരാഷ്ട്ര ടെര്‍മിനലിന്റെ പ്രവേശനകവാടത്തിന് സമീപത്താണ് നിര്‍മ്മിക്കുക. 150കോടിയിലേറെ ചെലവില്‍ എട്ടുനില ടവറാണ് 49മീറ്റര്‍ ഉയരത്തില്‍ വരുന്നത്.

തലസ്ഥാനം കുതിക്കും

1. 2070വരെയുള്ള യാത്രാആവശ്യങ്ങള്‍ കണക്കിലെടുത്താണ് വിമാനത്താവള വികസനം. വിഴിഞ്ഞം തുറമുഖത്തിനൊപ്പം വിമാനത്താവളവും വികസിക്കുന്നതോടെ തലസ്ഥാനത്തിന് ഗുണകരമാവും.


2. ടെര്‍മിനലിനടുത്തെ പഞ്ചനക്ഷത്രഹോട്ടലില്‍ പൈലറ്റ്, ക്രൂഅംഗങ്ങളെയടക്കം താമസിപ്പിക്കാം. സര്‍വീസുകള്‍ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്കും താമസമൊരുക്കാം.


നിത്യേനയുള്ള വിമാനസര്‍വീസുകള്‍ - 118

ഇക്കൊല്ലം പ്രതീക്ഷിക്കുന്നത് - 50ലക്ഷം യാത്രക്കാരെ