pic

മോസ്കോ: ഐസ്ക്രീം മുതൽ കേക്ക് വരെയുള്ള വിവിധ ഭക്ഷണപദാർത്ഥങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ബട്ടർ (വെണ്ണ). ബ്രെഡ്, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പവും ധാരാളം പേർ ബട്ടർ ചേർത്ത് കഴിക്കാറുണ്ട്. എന്നാൽ വിപണിയിൽ ബട്ടറിന്റെ വില കുതിച്ചുയരുന്നത് റഷ്യയിൽ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വിലക്കയറ്റവും ക്ഷാമവും മൂലം സൂപ്പർമാർക്കറ്റുകളിൽ ബട്ടർ മോഷണവും പതിവായി.

ജനുവരി - ഒക്ടോബർ കാലയളവിനിടെ ബട്ടറിന്റെ വിലയിൽ 25.7% വർദ്ധനവാണുണ്ടായത്. ഒരു കിലോഗ്രാം ബട്ടറിന് ശരാശരി 1,000 റൂബിൾസ് (10.66 ഡോളർ ) വേണം. ഐസ്ക്രീം, ചീസ് എന്നിവയുടെ ഡിമാൻഡ് ഉയർന്നതാണത്രെ ബട്ടർ വില ഉയരാനും ക്ഷാമത്തിനും കാരണമെന്ന് ദേശീയ ക്ഷീര ഉത്പന്ന സംഘടനയായ സോയുമൊളോക്കോ കുറ്റപ്പെടുത്തുന്നു. മോഷണം പതിവായതോടെ പല സൂപ്പർമാർക്കറ്റുകളിലും ബട്ടറിനെ പ്ലാസ്റ്റിക് കണ്ടെയ്നറിൽ വച്ച് പൂട്ടിയിരിക്കുകയാണ്.

റഷ്യയുടെ 25 ശതമാനം വരുന്ന ബട്ടർ ഇറക്കുമതി അയൽരാജ്യമായ ബെലറൂസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അടുത്തിടെ തുർക്കിയിൽ നിന്ന് 20,000 മെട്രിക് ടൺ ബട്ടർ റഷ്യയിലെത്തിച്ചു. ബട്ടർ വില ഉയരുന്നത് സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് ഉപപ്രധാനമന്ത്രി ഡിമിട്രി പെട്രുഷെവ് പ്രതികരിച്ചു.

അതേ സമയം, യുക്രെയിൻ യുദ്ധം സൃഷ്ടിച്ച പണപ്പെരുപ്പത്തിന്റെ പ്രതീകമാണ് ബട്ടർ എന്ന് ചൂണ്ടിക്കാട്ടുന്നു. ഉരുളക്കിഴങ്ങ്, മുട്ട തുടങ്ങിയ മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുന്നതായി ചൂണ്ടിക്കാട്ടുന്നു.