
കമ്മിഷണർ വരുന്നുണ്ട്. ജനങ്ങളെ ഉപദ്രവിക്കുന്ന അധികാരികൾ ജാഗ്രതൈ! പേടിക്കേണ്ട; യഥാർത്ഥ പൊലീസ് കമ്മിഷണറല്ല, വെള്ളിത്തിരയിലെ കമ്മിഷണർ സുരേഷ് ഗോപി. കേന്ദ്ര മന്ത്രിയും രണ്ടുതവണ എം.പിയും ഒക്കെയായെങ്കിലും ജനമദ്ധ്യത്തിലെത്തുമ്പോൾ പെട്ടെന്ന് അതൊക്ക മറക്കും. സിനിമയിലെ നായകനും വില്ലനും താന്തോന്നിയുമൊക്ക അദ്ദേഹത്തിൽ പരകായപ്രവേശം നടത്തും. 'ഒറ്റത്തന്തയ്ക്ക് പിറന്നവനെങ്കിൽ" തൃശൂർ പൂരം കലക്കൽ സി.ബി.ഐ അന്വേഷണത്തിനു വിടണമെന്നാണ് വെല്ലുവിളി.
വെല്ലുവിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്നും, അതിന് മറുപടി പറയാൻ ചങ്കൂറ്റം കാട്ടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പക്ഷേ, സതീശന്റെ ചൂണ്ടയിൽ പിണറായിയോ മറ്റു സഖാക്കളോ കൊത്തിയില്ല. അങ്ങനെ മുട്ടനാടുകളുടെ പോരിനിടയിൽ ചോര കുടിക്കാമെന്നു കരുതേണ്ട. അല്ലെങ്കിൽത്തന്നെ പൂരം കലക്കൽ അന്വേഷിക്കാൻ സ്വന്തം പൊലീസിനെ ശട്ടംകെട്ടിയ ശേഷം പൂരം എവിടെ കലങ്ങിയെന്ന് തിരിച്ചു ചോദിക്കുന്ന മുഖ്യമന്ത്രിയാണോ ഇനി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്!
സിനിമയിലെ കഥാപാത്രങ്ങളിൽ നിന്ന് സുരേഷ് ഗോപി ഇറങ്ങിവരണമെന്നാണ് ചിലർ പറയുന്നത്. പക്ഷേ, അതെന്തിനാണെന്ന് പുള്ളിക്ക് പിടികിട്ടുന്നില്ല. തന്റെ സിനിമയിലെ താന്തോന്നിത്തങ്ങൾ കാണിക്കുന്ന കഥാപാത്രങ്ങളെ കണ്ടാണ് ജനങ്ങൾ തന്നെ ഇഷ്ടപ്പെട്ടത്. സിനിമയിൽ കാണിച്ച താന്തോന്നിത്തങ്ങൾ ഇനി ജീവിതത്തിലും വേണ്ടിവരുമെന്നും, അത് സാധാരണക്കാരായ ജനങ്ങളുടെ നേരെയാവില്ലെന്നുമാണ് കക്ഷിയുടെ നിലപാട്. അത്രയും ആശ്വാസം! താന്തോന്നിത്തം കാട്ടിയാലും കേന്ദ്ര മന്ത്രിയുടെ സുരക്ഷാവലയം ഉള്ളതിനാൽ ആരും കൈവയ്ക്കുമെന്ന ഭയവും വേണ്ട.
എന്തായാലും, ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റിപ്പറയുന്ന ശീലം സുരേഷ് ഗോപി പഠിച്ചത് സിനിമയിൽ നിന്നല്ല; രാഷ്ട്രീയക്കാരിൽ നിന്നാവാം. തൃശൂർ പൂരം അലങ്കോലപ്പെട്ടപ്പോൾ അവിടെ അദ്ദേഹം ആംബുലൻസിൽ വന്നിറങ്ങിയത് പലരും കണ്ടതാണ്. എന്നാൽ താൻ വന്നത് ആംബുലൻസിൽ അല്ലെന്നും, അങ്ങനെ ആരെങ്കിലും കണ്ടെങ്കിൽ അത് മായക്കാഴ്ചയായിരിക്കുമെന്നും ആദ്യം പറഞ്ഞു. പക്ഷേ,കള്ളി വെളിച്ചത്തായതോടെ മൂന്നാം നാൾ പ്ളേറ്റ് മാറ്റി.
'കാറിലാണ് പൂരനഗരിയിലേക്കു വന്നത്. കാലു വേദനിച്ചിട്ട് കണ്ണു കാണാനും വയ്യാതായി. ആൾക്കൂട്ടത്തിനിടയിലൂടെ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. ഞാൻ പുറത്തിറങ്ങിയപ്പോൾ രാഷ്ട്രീയക്കാരുടെ ഗുണ്ടകൾ ആക്രമിച്ചു. ഒരു രാഷ്ട്രയവുമില്ലാത്ത കുറെ ചെറുപ്പക്കാരാണ് തോളിൽ ചുമന്ന് രക്ഷപ്പെടുത്തിയത്. തുടർന്നാണ് ആംബുലൻസിൽ കയറിയത്." പറച്ചിലൊക്കെ ശരിയായിരിക്കാം. പക്ഷേ, ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന സി.പി.ഐ നേതാവിന്റെ പരാതിയിൽ സംഗതി ഇപ്പോൾ കേസാണ്!
പോകുന്നിടത്തൊക്ക പത്രക്കാർ ഇടിച്ചുകയറി ഇഷ്ടപ്പെടാത്ത വല്ലതും ചോദിച്ചാൽ സുരേഷ് ഗോപിയുടെ മട്ടു മാറും.'ഗോ ഔട്ട്' (കടക്ക് പുറത്ത്) എന്ന് ഇംഗ്ളീഷിൽ പറയും. 'സുരേഷ് ഗോപി പിണറായിക്ക് പഠിക്കുകയാണോ" എന്നാണ് കോൺഗ്രസുകാരുടെ ചോദ്യം. ലക്കും ലഗാനുമില്ലാതെയാണ് കേന്ദ്ര മന്ത്രിയുടെ പോക്കെന്ന് ബി.ജെ.പി സംസ്ഥാന നേതാക്കളും പരാതി പറഞ്ഞു തുടങ്ങി. പരസ്പരബന്ധമില്ലാതെ സംസാരിച്ചും, വാക്ക് മാറ്റിപ്പറഞ്ഞും, പാർട്ടി വേദിയിൽ നേതാക്കളെ അപമാനിച്ചുമുള്ള പോക്ക് തുടരാനാവില്ലെന്നാണത്രെ അവരുടെ നിലപാട്. ചങ്ങനാശേരിയിലെ ഒരു ചടങ്ങിൽ നിവേദനവുമായി എത്തിയവരെ 'ഞാൻ നിങ്ങളുടെ എം.പിയല്ല" എന്നു പറഞ്ഞ് അധിക്ഷേപിച്ചെന്നും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നുമാണ് പാർട്ടിക്കാരുടെ പരാതി.
തൂശൂർ പൂരത്തിനു പോകാൻ സുരേഷ് ഗോപിക്കായി ആംബുലൻസ് ഏർപ്പാടാക്കിയത് തങ്ങളാണെന്ന്
ബി.ജെ,പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും പറയുന്നുണ്ട്. ആംബുലൻസിൽ കയറിയില്ലെന്ന സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം അവരെ വെട്ടിലാക്കി. 'ഓർമ്മയുണ്ടോ ഈ മുഖം" എന്ന് സുരേഷ് ഗോപിയെ കാണുമ്പോൾ പാർട്ടി നേതാക്കൾ തിരിച്ച് ചോദിച്ചു തുടങ്ങിയെന്നാണ് കേൾവി. 'ജസ്റ്റ് റിമംബർ ദാറ്റ്."
ഒരുകാലത്ത് വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും പര്യായമായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കൾ. രാഷ്ട്രീയം
തനിക്കും കുടുംബത്തിനും വളർച്ചയ്ക്കുള്ള ഉപകരണമാക്കാത, കൈയിലുള്ളതും പാർട്ടിക്കായി ബലിയർപ്പിച്ച മഹാത്യാഗികൾ. കട്ടൻചായയും പരിപ്പുവടയും ഭക്ഷണമാക്കി നടന്ന സഖാക്കളുടെ വംശനാശത്തിൽ പരിതപിച്ചിട്ട് കാര്യമില്ല. കാലം മാറി. അതിനനുസരിച്ച് കോലവും മാറിയപ്പോൾ പല നേതാക്കൾക്കും അഹന്തയും ധാർഷ്ട്യവും മുഖമുദ്രയായി. പാർട്ടി പഠന ക്ലാസുകളും നിലച്ചതോടെ പുതുരക്തങ്ങൾക്ക് ആശയാടിത്തറ ഇല്ലാതെയായി. ആരെയും വെട്ടി നേതാവാകലും പണവും സ്ഥാനമാനങ്ങളും നേടലും ലക്ഷ്യമായി. അധികാരത്തിലും അഴിമതിയിലും അഭിരമിക്കുന്ന നേതാക്കളുടെ എണ്ണം പെരുകി.
നേതാക്കളുടെ ധാർഷ്ട്യവും ആർഭാട ജീവിതവും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റുന്നുവെന്നാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു ശേഷം രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും നടത്തിയ സ്വയം വിമർശനം. ചില ഇടതുപക്ഷ രാഷ്ട്രീയക്കാർ കാൾ മാർക്സിന്റെ അച്ഛനാണെന്ന മട്ടിലാണ് പെരുമാറുന്നതെന്നാണ് മുതിർന്ന സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ വിമർശനം. അധികാരത്തിന്റെ ശീതളച്ഛായയിൽ അഹങ്കാരത്തിന്റെ ആൾരൂപങ്ങളായി നടക്കുന്നവരിൽ യുവജന- വിദ്യാർത്ഥി സംഘടനാ നേതാക്കളുമുണ്ട്. ചാനൽ ചർച്ചകളിലും പൊതു ഇടങ്ങളിലും അവർ നടത്തുന്ന ഭീഷണിയും അട്ടഹാസവും അതിന് തെളിവാണെന്നാണ് ആക്ഷേപം. അവരെ നയിക്കുന്നവരെങ്കിലും നേർ വഴി കാട്ടുമോ?
ഇ.ഡിയെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)കണ്ടവരുണ്ടോ?കരുവന്നൂർ ബാങ്ക് തട്ടിപ്പ്, സ്വർണക്കടത്ത് കേസുകളിൽ ഉൾപ്പെടെ ചാടിവീണ് അന്വേഷണവും മൊഴിയെടുപ്പുമൊക്കെ തകൃതിയാക്കിയതാണ് ഇ.ഡി. എന്നാൽ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് പിറവിയെടുത്ത കൊടകര കുഴൽപ്പണക്കേസ് അറിഞ്ഞ ഭാവം ഇ.ഡിയോ ആദായ നികുതി വകുപ്പോ കാണിക്കുന്നില്ലെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളുടെ പരിഭവം. ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട കേസായതാണത്രെ കാരണം.
41.40 കോടിയുടെ ഹവാലപ്പണം കടത്തിക്കൊണ്ടു വന്നതായാണ് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. അതിന്റെ റിപ്പോർട്ട് ഇ.ഡിക്കും ആദായ നികുതി വകുപ്പിനും കേന്ദ്ര ഇലക്ഷൻ കമ്മിഷനും സമർപ്പിച്ചിട്ട് മാസങ്ങളായി. ബി.ജെ.പിയുടെ തൃശൂർ ജില്ലാ ഓഫീസിലെത്തിച്ച ചാക്കിൽ
പണമായിരുന്നുവെന്ന് അന്നത്ത ഓഫീസ് സെക്രട്ടറി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലും ഇ.ഡിയുടെ
ശ്രദ്ധയിൽപ്പെട്ടിട്ടില്ല! കേസിൽ തനിക്കതിരെ തെളിവുകൾ കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ വെല്ലുവിളി.
'എന്നെ കേരള രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു. അത് തകർക്കാനുള്ള ബന്ധം എനിക്ക് പാർട്ടി കേന്ദ്ര നേതൃത്വവുമായുണ്ട്." കുഴൽപ്പണം സംബന്ധിച്ച് മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിനു പിന്നിൽ താനാണെന്ന ആരോപണം പുറത്തുവന്നപ്പോൾ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പറഞ്ഞത് ഇങ്ങനെ. സംസ്ഥാനത്തെ ഏതെങ്കിലും പാർട്ടി നേതാക്കളെയാവും ശോഭ ഉദ്ദേശിച്ചതെന്ന് കരുതിയവർക്ക് തെറ്റി. തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരിൽ ഒന്നാമൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ശോഭയുടെ പുതിയ വെളിപ്പെടുത്തൽ. അതെന്തിനാണാവോ? പാർട്ടി മാറാൻ വേണ്ടി തന്റെ കൂടെ ഡൽഹി വരെ എത്തിയ നേതാവാണ് രണ്ടാമത്തെയാളെന്നും പറയുന്നു. അത് ഇ.പിയല്ലേ എന്നു സംശയിച്ച് ചിലർ. തത്കാലം സസ്പെൻസ്!
നുറുങ്ങ്:
സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കാത്തത് 'തന്തയ്ക്കു വിളി" ഭയന്നെന്ന് മന്ത്രി വി. ശിവൻകുട്ടി.
@ 'ഒറ്റത്തന്തയ്ക്കു പിറന്നവനെങ്കിൽ വിളിക്കാൻ ആവശ്യപ്പെടുമോ?"
(വിദുരരുടെ ഫോൺ: 9946108221)