
ടെൽ അവീവ്: ഇസ്രയേൽ വികസിപ്പിച്ചെടുത്ത അതിനൂതന മിസൈൽ പ്രതിരോധ സംവിധാനം ഉടൻ കളത്തിലിറക്കും. അയൺ ബീം എന്ന് പേരിട്ടിരിക്കുന്ന ഈ ആന്റി മിസൈൽ ലേസർ ഉപകരണം ഒരു വർഷത്തിനുള്ളിൽ ഇസ്രയേൽ സേനയുടെ ഭാഗമാകുമെന്നാണ് വിവരം. ഇസ്രയേൽ പ്രതിരോധ സേനയുടെ പുതിയൊരു അദ്ധ്യായം തന്നെ അയൺ ബീം നിർവചിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
500 മില്യൺ ഡോളറാണ് അയൺ ബീം നിർമ്മാണത്തിനായി ഇസ്രയേൽ ചെലവഴിച്ചത്. മിസൈലുകൾ, ഡ്രോൺ, റോക്കറ്റ് തുടങ്ങി നേർക്കുവരുന്ന എന്തിനെയും അയൺ ബീം നിർവീര്യമാക്കും. ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരെ അയൺ ബീമിനെ പ്രയോജനപ്പെടുത്താനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്.
പ്രകാശ വേഗത്തിലാണ് അയൺ ബീം പ്രവർത്തിക്കുന്നത്. ഇസ്രയേലിന്റെ റാഫേൽ അഡ്‌വാൻസ്‌ഡ് ഡിഫൻസ് സിസ്‌റ്റമാണ് ഇത് വികസിപ്പിച്ചെടുത്തത്. 100 മീറ്ററിൽ തുടങ്ങി കിലോമീറ്ററുകളോളം അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് വരെ അയൺ ബീം എത്തും. ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള മാഗസിൻ പരിധിയില്ലാത്തതാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഏറ്റവും ചെറിയ സിഗ്നൽ രേഖപ്പെടുത്തുന്ന ഡ്രോണുകളെ പോലും അയൺ ബീം ഉപയോഗിച്ച് തകർക്കാൻ കഴിയുമെന്ന് ഇസ്രയേലി പ്രതിരോധവൃത്തങ്ങൾ വ്യക്തമാക്കി.