
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 6ന് ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിക്കും. ബിഗ് ബഡ‌്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അതിഥി വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ട്വിന്റി - 20ക്കുശേഷം ഒരുമിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആണ് ആണ് നിർമ്മാണം. 30 ദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ. കേരളത്തിലും ഡൽഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും. ഇതാദ്യമായാണ് മമ്മൂട്ടിയും മോഹൻലാലും ആസിഫ് അലിയും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം അവസാനം പൂർത്തിയാകും. തരുൺമൂർത്തിയുടെ ചിത്രം പൂർത്തിയാക്കിയ മോഹൻലാൽ എമ്പുരാന്റെ തുടർ ചിത്രീകരണത്തിലാണ്. എമ്പുരാന്റെ ചിത്രീകരണവും ഈ മാസം പൂർത്തിയാകും.
ഡിസംബറിൽ സത്യൻ അന്തിക്കാട് ചിത്രമാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്. ഹൃദയപൂർവ്വം എന്ന പേരിട്ട ചിത്രത്തിൽ ഐശ്വര്യലക്ഷ്‌മിയാണ് നായിക. പൂനെയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷൻ. സംഗീതയാണ് മറ്റൊരു പ്രധാന താരം. ഇതാദ്യമായി ഐശ്വര്യ ലക്ഷ്‌മിയും സംഗീതയും സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഭാഗമാകുന്നത്. നവാഗതനായ സോനു ടി.പിയാണ് തിരക്കഥയും സംഭാഷണവും. അനു മുത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ജസ്റ്റിൻ പ്രഭാകരൻ. ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.