
വിവാദമായി ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ അനന്ത്നാഗിലും ശ്രീനഗറിലും ഏറ്റുമുട്ടലിൽ പാക് ഭീകരസംഘടനയായ ലഷ്‌കറെ തയ്ബയുടെ കമാൻഡർ ഉൾപ്പെടെ
മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് പൊലീസുകാർക്കും രണ്ട് സി. ആർ. പി ഭടന്മാർക്കും പരിക്കേറ്റു. ഇവരുടെ നില തൃപ്തികരമാണ്.
ശ്രീനഗറിലെ ഖന്യാറിൽ ലഷ്‌കർ കമാൻഡറും പാകപൗരനുമായ ഉസ്‌മാൻ ലഷ്ക്കരിയെയാണ് വധിച്ചത്. പൊലീസ് ഇൻസ്പെക്ടറായിരുന്ന മസ്‌റൂറിന്റെ കൊലപാതകം ഉൾപ്പെടെ പല ആക്രമണങ്ങളിലും പങ്കുള്ള ഇയാൾ സൈന്യത്തിന്റെ ഹിറ്റ്ലിസ്റ്റിലായിരുന്നു. ഖന്യാറിൽ ജനവാസകേന്ദ്രത്തിൽ ഭീകരൻ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ സൈന്യം പ്രദേശം വളഞ്ഞു. ഭീകരൻ വെടിവച്ചതോടെ സൈന്യം തിരിച്ചാക്രമിച്ചു. വെടിവയ്പ്പിനിടെ ഭീകരൻ ഒളിച്ചിരുന്ന കെട്ടിടത്തിൽ തീപിടിച്ചു. ഭീകരന്റെ വെടിയേറ്റാണ് നാല് സുരക്ഷാ ഭടന്മാർക്ക് പരിക്കേറ്റത്. ഭീരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ശേഷമാണ് ഓപ്പറേഷൻ അവസാനിപ്പിച്ചത്. ശ്രീനഗറിൽ രണ്ടര വർഷത്തിനുശേഷമാണ് ഏറ്റുമുട്ടലുണ്ടായത്.
അനന്ത്നാഗിലെ ഷാംഗസ്- ലാർനു വനമേഖലയിലെ ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് ഭീകരരെ വധിച്ചത്. ഇവർ ഏത് സംഘടനയുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മേഖലയിലുണ്ടെന്നു കരുതുന്ന ഭീകരനായി തെരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച ബുദ്‌ഗാമിൽ അതിഥി തൊഴിലാളികൾക്കുനേരെയും ബന്ദിപുരയിൽ സൈനിക ക്യാമ്പിനുനേരെയും വെടിവയ്‌പുണ്ടായി. ആർക്കും പരിക്കില്ല. മേഖലകളിൽ
കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ജമ്മുവിലും ജാഗ്രത തുടരുകയാണ്. ദോഡാ, രജൗരി, പൂഞ്ച് ഉൾപ്പെടെ മുപ്പതിടങ്ങളിൽ സൈന്യത്തിന്റെ പരിശോധന തുടരുന്നു. കഴിഞ്ഞ 29ന് അഖ്നൂരിൽ സൈനിക വാഹന വ്യൂഹം ആക്രമിച്ചതിനു പിന്നാലെ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു.
ഭീകരരെ കൊല്ലരുത്:
ഫറൂഖ് വിവാദത്തിൽ
ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്താൻ ഭീകരരെ വധിക്കുകയല്ല, പിടികൂടി ചോദ്യം ചെയ്യുകയാണ് വേണ്ടതെന്ന ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന വിവാദമായി. ബുദ്‌ഗാമിൽ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കണമെന്നും ജമ്മു കാശ്‌മീർ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരാണോ പിന്നിലെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഭീകരവാദം പാകിസ്ഥാനിൽ നിന്നാണ് വരുന്നതെന്ന് ഫാറൂഖ് അബ്ദുള്ളയ്ക്കും എല്ലാവർക്കും അറിയാമെന്ന് ജമ്മു കാശ്‌മീർ ബി.ജെ.പി. അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. ഇതിൽ എന്താണ് അന്വേഷിക്കാനുള്ളത്. നമ്മൾ സേനയെ പിന്തുണയ്ക്കണം. മാനവികതയുടെ ശത്രുക്കൾക്കെതിരേ ഒരുമിച്ച് പൊരുതണമെന്നും പറഞ്ഞു.
-ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന കേന്ദ്രസർക്കാർ ഗൗരവമായി കാണണം.
ശരദ് പവാർ
എൻ.സി.പി