murder-case

കൊൽക്കത്ത: അമ്മയുമായുള്ള ബന്ധത്തിന്റെ പേരിൽ 56കാരനെ കൊലപ്പെടുത്തി 17കാരൻ. കൊൽക്കത്തയ്ക്ക് സമീപം ഛാപ്രയിലാണ് സംഭവം. ജോറബഗാനിൽ താമസിക്കുന്ന അഭിജിത്ത് ബാനർജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം രാവിലെയായിരുന്നു അഭിജിത്തിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയിലും നെഞ്ചിലും കൈകളിലും മാരകമായി മുറിവേറ്റിരുന്നു. ഇൻഷുറൻസ് ഏജന്റായി പ്രവർത്തിച്ചിരുന്ന അഭിജിത്ത് നിലവിൽ കാർ വാടകയ്ക്ക് നൽകുന്ന ബിസിനസ് നടത്തിവരികയായിരുന്നു. കാർ വാടകയ്ക്ക് എടുത്തയാൾ ഇന്നലെ താക്കോൽ തിരികെ ഏൽപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അഭിജിത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അഭിജിത്തിന്റെ മൊബൈൽ ഫോണും ധരിച്ചിരുന്ന ആഭരണങ്ങളും നഷ്ടമായിരുന്നു.

അഭിജിത്തിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് 17കാരൻ പിടിയിലായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അഭിജിത്തിന്റെ ഫോണും സ്വർണാഭരണങ്ങളും പ്രതിയിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

അഭിജിത്തിന് തന്റെ അമ്മയുമായുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് 17കാരൻ പൊലീസിന് മൊഴി നൽകി. കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഇരുവരെയും കണ്ടു. അമ്മയുമായുള്ള സ്വകാര്യ ചിത്രങ്ങൾ ഫോണിലുണ്ടായിരുന്നത് നീക്കം ചെയ്യാനാണ് ഫോൺ കൈക്കലാക്കിയതെന്നും കുട്ടി മൊഴി നൽകി. കവർച്ചാശ്രമമാണോ കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.