nda

മുംബയ്: സ്ഥാനാർത്ഥി നിർണയ തർക്കങ്ങൾ ഒരുവിധം പരിഹരിച്ചെങ്കിലും എൻ.ഡി.എയുടെ മഹായുതി മുന്നണിയിൽ പുകച്ചിൽ തുടരുന്നതായി സൂചന. തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിലും പോസ്റ്ററുകളിലും എൻ.സി.പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത്പവാറിന്റെ ഫോട്ടോയില്ല.

അജിത് പവാറിന്റെ ശക്തികേന്ദ്രങ്ങളായ പുനെയിലും ബാരാമതി ഉൾപ്പെടെയുള്ള പശ്ചിമ മഹാരാഷ്ട്രയിലും സ്ഥാപിച്ച ബോർഡുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ മാത്രമാണ് നിറഞ്ഞുനിൽക്കുന്നത്. സ്ത്രീകൾക്ക് മാസംതോറും 1,500 രൂപ വീതം നൽകുന്ന 'ലഡ്കി ബഹിൻ യോജന" പദ്ധതിയെക്കുറിച്ച് സർക്കാർ തയ്യാറാക്കിയ വീഡിയോ പരസ്യത്തിലും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന അജിത്തിന്റെ ചിത്രമില്ല. ചിലയിടങ്ങളിൽ മോദിയോടൊപ്പം ദേവേന്ദ്ര ഫഡ്നാവിസ് മാത്രമുള്ള ബോർ‍ഡുകളും ഉയർന്നിട്ടുണ്ട്.

നവാബ് മാലിക് വിവാദം

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗങ്ങളുമായി ബന്ധപ്പെട്ട് ഭൂമി- സാമ്പത്തിക ഇടപാടുകൾ ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിന് മാൻഖുർദ് ശിവാജി നഗറിൽ സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നറിയുന്നു. ബി.ജെ.പിയുടെ സമ്മർദ്ദത്തെത്തുടർന്ന് എൻ.സി.പി നവാബ് മാലിക്കിന് ആദ്യം ടിക്കറ്റ് നിഷേധിച്ചിരുന്നു. മാലിക്ക് സ്വതന്ത്രനായി പത്രിക നൽകാനൊരുങ്ങിയതോടെ പാർട്ടി തീരുമാനം മാറ്റി.

ബി.ജെ.പി കൂടുതൽ സീറ്റു നേടി ഭൂരിപക്ഷം നേടിയാൽ ശിവസേന (ഷിൻഡെ), എൻ.സി.പി (അജിത്) പാർട്ടികളെ ഒതുക്കുമെന്ന പ്രചാരണം ശക്തമാണ്. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങൾക്കും അടിസ്ഥാനം അതായിരുന്നു.

ബാരാമതി നിർണായകം

എൻ.സി.പി പിളർത്തി ബി.ജെ.പി സഖ്യത്തിലെത്തിയ അജിത് പവാറിന് ഈ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. അദ്ദേഹത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യോഗേന്ദ്ര പവാറാണ് എൻ.സി.പി (ശരദ്‌പവാർ) സ്ഥാനാർത്ഥി.