jithin

കൽപ്പറ്റ: പ്രണയവിവാഹം കഴിഞ്ഞ് ഒരുമാസം പോലും തികയുന്നതിന് മുൻപ് വരന് ദാരുണാന്ത്യം, വധുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ. വയനാട് മൂടക്കൊല്ലി സ്വദേശി ജിതിനാണ് (33) വാഹനാപകടത്തിൽ മരിച്ചത്. സ്വകാര്യ ക്വാറിയിലെ ജീവനക്കാരനായിരുന്നു ജിതിൻ.

ഒക്‌ടോബർ ആദ്യവാരമാണ് ഒരു തുണിക്കടയിൽ സെയിൽസ്‌ ഗേളായി ജോലി നോക്കുകയായിരുന്ന മേഘ്‌‌നയെ ജിതിൻ വിവാഹം കഴിച്ചത്. കടയിൽവച്ചാണ് ജിതിൻ മേഘ്‌നയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തുടർന്ന് മേഘ്‌നയെ കാണാൻ ജിതിൻ കടയിലെത്തുന്നത് പതിവാക്കി. വിവാഹം കഴിക്കാൻ താത്‌പര്യമുണ്ടെന്നറിയിച്ചു.

മേഘ്‌നയുടെ വീട്ടുകാരിൽ നിന്ന് വിവാഹത്തിന് വലിയ സഹകരണമുണ്ടായിരുന്നില്ല. പഠിക്കാൻ താത്‌പര്യമുണ്ടെന്നും അതിനുള്ള സാഹചര്യമില്ലായിരുന്നുവെന്നും മേഘ്‌ന പറഞ്ഞപ്പോൾ വിവാഹശേഷം അതിനുള്ള സൗകര്യവും ജിതിൻ ചെയ്തു. കർണാടകയിലെ ഒരു കോളേജിൽ മേഘ്‌നയെ പഠനത്തിനയച്ചു. ഇതിനിടെയായിരുന്നു വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വില്ലനായത്.

ഒക്‌ടോബർ 31ന് കർണാടക ചാമരാജനഗറിൽവച്ച് ജിതിനും സംഘവും സഞ്ചരിച്ച വാനിലേയ്ക്ക് മറ്റൊരു വാനിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ജിതിൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജിതിന്റെ സംസ്‌കാരച്ചടങ്ങ്. നാടിനും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു കുട്ടായി എന്ന് വിളിപ്പേരുള്ള ജിതിൻ. അച്ഛൻ: ബാബു, അമ്മ: ശ്യാമള. സഹോദരി ശ്രുതി.