
മികവിന്റെയും കാര്യക്ഷമതയുടെയും ആത്മാർത്ഥതയുടെയും ഏറ്റവും പ്രധാന മാനദണ്ഡങ്ങളായി പൊതുവെ പരിഗണിക്കപ്പെടുന്ന സൂചകങ്ങളിൽ പ്രധാനമാണ് വേഗം. ഏതു സർക്കാരിന്റെയും യഥാർത്ഥ ഭരണമികവ് പ്രകടമാകേണ്ടത് ജനക്ഷേമ പദ്ധതികളുടെ നിർവഹണത്തിലും, ആനുകൂല്യങ്ങളുടെയും സഹായങ്ങളുടെയും വിതരണത്തിലും രാഷ്ട്രീയം പരിഗണിക്കാതെ പുലർത്തുന്ന വേഗതയാണ്. നിർഭാഗ്യമെന്നു പറയട്ടെ, അടിസ്ഥാന സൗകര്യ വികസനത്തിലും കർഷക, ദുർബല വിഭാഗ ക്ഷേമത്തിലുമൊക്കെ മാതൃകാപരമായ ശ്രദ്ധ പുലർത്തുന്ന കേന്ദ്ര സർക്കാർ, വയനാട് ദുരന്ത പാക്കേജ് പ്രഖ്യാപനം ഉൾപ്പെടെ കേരളം അടിയന്തര പരിഗണന ആവശ്യപ്പെടുന്ന പല വിഷയങ്ങളിലും മെല്ലെപ്പോക്ക് തുടരുന്നതിനു പിന്നിൽ രാഷ്ട്രീയ പക്ഷപാതിത്വമുണ്ടോ എന്നു സംശയിക്കുന്നവരെ കുറ്റം പറയാൻ നിവൃത്തിയില്ലാതായിരിക്കുന്നു.
മുന്നൂറോളം മനുഷ്യരുടെ ജീവനെടുക്കുകയും, കണക്കില്ലാത്തത്ര വളർത്തുമൃഗങ്ങളെ മണ്ണിലാഴ്ത്തുകയും, തിട്ടപ്പെടുത്താനാവാത്തത്ര വിളവും പ്രകൃതിസമ്പത്തും ക്രൂരമായി കൊയ്തെടുക്കുകയും ചെയ്ത പ്രകൃതി ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതു സംബന്ധിച്ച് കൃത്യം ഒരുമാസം മുമ്പ് ഞങ്ങൾ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ശീർഷകം, 'കേരളം ഇനിയും കാത്തിരിക്കണോ" എന്നായിരുന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യം തീരുമാനിക്കാൻ രണ്ടാഴ്ച കൂടി സമയം ചോദിച്ച് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽ കേന്ദ്രം നല്കിയ സത്യവാങ്മൂലം വായിക്കുമ്പോൾ അതേ ചോദ്യമാണ് കുറേക്കൂടി വേദനയോടെയും പ്രതിഷേധത്തോടെയും ചോദിക്കാനുള്ളത്: ഇനിയും കാത്തിരിക്കണോ? ഒരു രാത്രി ഇരുണ്ടുവെളുക്കുന്ന സമയംകൊണ്ടാണ് വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ ഗ്രാമങ്ങൾ ഉൾപ്പെടെ വലിയൊരു മേഖല സംസ്ഥാന ഭൂപടത്തിൽ നിന്നുതന്നെ തുടച്ചുമാറ്റപ്പെട്ടത്! അതിന്റെ തീവ്രത അളന്നുകുറിക്കാനും, സഹായധനം തീരുമാനിക്കാനും കേന്ദ്ര സർക്കാരിന് മൂന്നു മാസം പോരാ പോലും!
വയനാട് ദുരന്തം സംഭവിച്ച് ദിവസങ്ങൾക്കകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്ഥലം സന്ദർശിച്ചിരുന്നു. കേന്ദ്ര പഠനസംഘം പിന്നാലെ വന്നു. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് ശുപാർശ ചെയ്തു. രക്ഷാപ്രവർത്തനവും ദുരിതബാധിതർക്കുള്ള പ്രാഥമിക സഹായവും ആദ്യഘട്ട പുനരധിവാസവും ഉൾപ്പെടെയുള്ള അടിയന്തര കാര്യങ്ങൾക്കായി 1202 കോടിയുടെയും, അടിസ്ഥാന സൗകര്യങ്ങളുടെ പുന:സ്ഥാപനവും, മറ്റ് പുനർനിർമ്മാണ പ്രവൃത്തികളും സ്ഥിര പുനരധിവാസവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ വിശദമാക്കി 2000 കോടി രൂപയുടെയും ധനസഹായം ഉൾപ്പെടെ ആകെ 3202 കോടിയുടെ സഹായമാണ് കേരളം ചോദിച്ചത്. ആ വിഷയത്തിലാണ് ഉന്നതതല സമിതിയുടെ തീരുമാനത്തിന് രണ്ടാഴ്ച കൂടി കാക്കണമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ കഴിഞ്ഞ ദിവസം അറിയിച്ചത്.
ഏതു സഹായവും അർത്ഥപൂർണവും യഥാർത്ഥ ആശ്വാസവുമാകുന്നത്, അത് ഏറ്റവും ആവശ്യമുള്ള സമയത്ത് നല്കുമ്പോഴാണ്. ഈ വർഷം മാത്രം 21 സംസ്ഥാനങ്ങൾക്കായി 14,958 കോടിയിലേറെ രൂപയുടെ സഹായം നല്കിയെന്ന് കേന്ദ്രം ഒരു മാസം മുമ്പ് രാജ്യത്തെ അറിയിച്ചിരുന്നു. അത് വർഷാവർഷം പതിവുള്ള പ്രളയ നാശനഷ്ടങ്ങളുടെ പേരിലാണ്. അതിൽപ്പോലും മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും കൂടി മാത്രം കിട്ടിയത് 2528 കോടി രൂപയാണെന്ന് ഓർക്കണം. അക്കൂട്ടത്തിൽ കേരളത്തിന് അനുവദിച്ചതാകട്ടെ, വെറും 145.60 കോടി! ഈ തുക അനുവദിക്കുമ്പോഴും കേരളം സമർപ്പിച്ച വയനാട് പാക്കേജിന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ മേശപ്പുറത്തുണ്ടായിരുന്നു! കടുത്ത വിവേചനമെന്നല്ലാതെ ഈ അവഗണനയെ മറ്രെന്തെങ്കിലും പേരിട്ടു വിളിക്കാമോ? ഒരു ജനതയുടെ പുനരുത്ഥാനത്തിനും വലിയൊരു ഭൂപ്രദേശത്തിന്റെ പുനരുജ്ജീവനത്തിനും വേണ്ടുന്ന, അർഹമായ സഹായമാണ് കേരളം ചോദിക്കുന്നത്. അതിനെ ഭിക്ഷയായി കാണരുത്. കേരളത്തോട് ഇനിയും കാത്തിരിക്കാൻ പറയരുത്.