e

കൊൽക്കത്ത: മലയാളിയായ ഡോ. സി.വി ആനന്ദബോസ് ഗവർണർ പദവിയിൽ രണ്ടു വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ബംഗാളിൽ നടപ്പാക്കാനൊരുങ്ങുന്നത് നിരവധി ആശയങ്ങളും കർമ്മപരിപാടികളും. 'അപ്നാ ഭാരത് ജഗ്ത ബംഗാൾ' എന്ന പേരിൽ രാജ്യത്തിന്റെ അന്തസ്സും സംസ്ഥാനത്തിന്റെ ഉയർച്ചയും ഉറപ്പാക്കുന്നതിനുള്ള വൈവിദ്ധ്യമാർന്ന ക്രിയാത്മക സംരംഭങ്ങൾക്ക് രാജ്ഭവനിൽ തുടക്കം കുറിച്ചു. ഗവർണറായി ചുമതലയേറ്റപ്പോൾതന്നെ രാജ്ഭവന് 'ജൻരാജ്ഭവൻ' എന്ന പുതിയ മുഖം നൽകി തുടങ്ങിവച്ച ജനകീയ പരിപാടികളുടെയും ഒന്നാം വാർഷികത്തിൽ ആവിഷ്‌കരിച്ച നൂതനപദ്ധതികളുടെയും തുടർച്ചയാണ് 'അപ്നാ ഭാരത് ജഗ്ത ബംഗാൾ'. നാല് പതിറ്റാണ്ടുമുമ്പ് കേരളത്തിൽ കളക്ടറായിരിക്കെ 'ഫയൽ റ്റു ഫീൽഡ്' എന്ന പേരിൽ ബഹുജനസമ്പർക്കപരിപാടിക്ക് ആനന്ദബോസ് തുടക്കം കുറിച്ചിരുന്നു. ആശയസമ്പത്ത് പ്രതിഫലിക്കുന്ന 'ഗവർണർ നിങ്ങളുടെ വീട്ടുപടിക്കൽ' എന്ന പരിപാടിയോടെയായിരുന്നു രണ്ടാം വാർഷികത്തിന്റെ തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പട്ടികജാതിപട്ടികവർഗക്കാർ, പ്രകൃതിക്ഷോഭം മൂലം കഷ്ടനഷ്ടങ്ങൾ സംഭവിച്ചവർ, ഭിശേഷി വിഭാഗത്തിൽപ്പെട്ടവർ, തീരാരോഗം പിടിപെട്ടവർ, അഗതിമന്ദിരങ്ങളിൽ കഴിയുന്നവർ തുടങ്ങി പലവിധ യാതനകൾ അനുഭവിക്കുന്ന ജനങ്ങളെ നേരിട്ടുകണ്ട് പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന പ്രക്രിയയ്ക്കാണ് ഇതിലൂടെ തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി ഗവർണർ കഴിഞ്ഞദിവസം കൊൽക്കത്തയിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിചരിക്കുന്ന 'ലിറ്റിൽ ഹട്ട് നിരീക്ഷൺ കേന്ദ്ര' സന്ദർശിച്ചു. സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, സമാധാനപരിപാലനം, യുവാക്കളുടെ പങ്കാളിത്തം, സാംസ്‌കാരിക വിദ്യാഭ്യാസ പരിപോഷണം എന്നിവയ്ക്കുള്ള സംരംഭങ്ങൾക്കൊപ്പം മനുഷ്യക്കടത്തിനും മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രവർത്തനങ്ങൾക്കും ഈ പരിപാടികളിൽ മുൻതൂക്കം നൽകും. കലാലയ വിദ്യാർത്ഥികളെ നേരിട്ടുകണ്ടുള്ള സംവാദങ്ങൾ, സാമൂഹികനന്മയ്ക്കായി ഏതെങ്കിലും വിധത്തിൽ സംഭാവന ചെയ്യുന്നവരോ അതിൽ താൽപ്പര്യമുള്ളവരോ ആയ പ്രതിഭകളെയും ഉദാരമതികളെയും ഉൾപ്പെടുത്തിയുള്ള ഗവർണേഴ്സ് ഗോൾഡൻ ഗ്രൂപ്പ്, വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ, സാഹിത്യസാംസ്‌കാരിക പ്രതിഭകളെ ആദരിക്കുന്നതിനുള്ള പുരസ്‌കാരങ്ങൾ, പെൺകുട്ടികൾക്കായി 'അഭയ പ്ലസ്:' സ്വയംപ്രതിരോധ പരിശീലനപരിപാടികൾ എന്നിവ ഇതിലുൾപ്പെടുന്നു. കേരളത്തിന്റെ 'കളരിപ്പയറ്റ്' കൂടി ഉൾപ്പെടുത്തിയായിരിക്കും 'അഭയ പ്ലസ്' പരിശീലനം. കേരളത്തിൽ ഏറണാകുളത്ത് ഇതിന്റെ ഭാഗമായി നവംബർ 8 മുതൽ 10 വരെ സതേൺ സോൺ കൾച്ചറൽ സെന്ററും ഈസ്റ്റേൺ സോൺ കൾച്ചറൽ സെന്ററും സംയുക്തമായി 'ബംഗാൾ കൾച്ചറൽ ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നുണ്ട്. എട്ടു സംസ്ഥാനങ്ങളുടെയും അഞ്ചു കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സ്ഥാപകദിനം ആഘോഷിച്ച് ബംഗാൾ രാജ്ഭവൻ. കൊൽക്കത്ത : കേരളം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, മദ്ധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, സംസ്ഥാനങ്ങളുടെയും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഡ്, ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപക ദിനാഘോഷം കൊൽക്കത്തയിലെ രാജ്ഭവനിൽ വർണാഭമായ പരിപാടികളോടെ നടന്നു. ഗവർണർ ഡോ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാന പ്രതിനിധികൾ സംസാരിച്ചു. തനതു കലാപരിപാടികളുമുണ്ടായിരുന്നു.