d

റാഞ്ചി: കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ.

ചെയ്യാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമേ ഞങ്ങൾ നൽകാറുള്ളു എന്നും വാഗ്ദാനത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും സോറൻ പറഞ്ഞു.

'ഇന്ത്യ" മുന്നണിയുടെ ഭാഗമായി ജാർഖണ്ഡ് മുക്തി മോർച്ചയും (ജെ.എം.എം) കോൺഗ്രസും സംയുക്തമായാണ് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വാഗ്ദാനങ്ങൾ നൽകാൻ എളുപ്പമാണെന്നും അവ നടപ്പിലാക്കാനാണ് ബുദ്ധിമുട്ടെന്നുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങളാണ് കോൺഗ്രസ് ജനങ്ങൾക്ക് നൽകുന്നതെന്നും അത് ഒരിക്കലും യാഥാർത്ഥ്യമാക്കാനാകില്ലെന്ന് അവർക്ക് അറിയാമെന്നും മോദി എക്സിൽ കുറിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാന സർക്കാരുകളെയും മോദി വിമർശിച്ചു. ഇതിനെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.