d

ന്യൂഡൽഹി: ഇന്ത്യൻ ഫാഷനെ ആഗോളതലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത ഫാഷൻ ഡിസൈനർ രോഹിത് ബാലിന്റെ (63)​ സംസ്കാരം ഡൽഹി ലോധി ശ്മശാനത്തിൽ നടന്നു. ഡിസൈനർമാരും നടന്മാരുമുൾപ്പെടെ നിരവധി പ്രഗത്ഭർ ചടങ്ങിൽ പങ്കെടുത്തു. ഡൽഹിയിലെ ആശ്ലോക് ആശുപത്രിയിൽ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീനഗറിൽ ജനിച്ച രോഹിത്, 1986ലാണ് ഫാഷൻ ഡിസൈനറായി കരിയർ ആരംഭിക്കുന്നത്. തുടർന്ന് ഇന്ത്യൻ ഫാഷൻ ഡിസൈനിംഗ് രംഗത്തെ അതികായരിൽ ഒരാളായി. രോഹിത് ബാലിന്റെ ഡിസൈനുകൾ ഇന്ത്യയുടെ സംസ്‌കാരത്തോടും ചരിത്രത്തോടും ചേർന്ന് നിന്നു. 2006ൽ ഇന്ത്യൻ ഫാഷൻ അവാർഡ്സിൽ 'ഡിസൈനർ ഓഫ് ദ ഇയർ' പുരസ്‌കാരം നേടി. 2012ൽ ലാക്‌മെ ഗ്രാൻഡ് ഫിനാലെ ഡിസൈനർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബറിൽ ലാക്‌മെ ഫാഷൻ വീക്കിന്റെ ഗ്രാൻഡ് ഫിനാലെയിൽ 'കായ്നാത്: എ ബ്ലൂം ഇൻ ദ യൂണിവേഴ്സ്' എന്ന തീമിൽ തന്റെ കളക്ഷനുകൾ അവതരിപ്പിച്ചു.