sha-modi

ന്യൂഡല്‍ഹി: ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ വലിച്ചിഴയ്ക്കുന്നതില്‍ കാനഡയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സ്വന്തം ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ടുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി മാത്രമേ ബാധിക്കുകയുള്ളൂവെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇത്തരം പരാമര്‍ശങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്‌വാള്‍ അറിയിച്ചു.

കനേഡിയന്‍ ഹൈകമ്മിഷന്‍ പ്രതിനിധിയെ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചതും മുന്നറിയിപ്പ് നല്‍കിയതും. 2024 ഒക്ടോബര്‍ 29ന് ഒട്ടാവയില്‍ നടന്ന പബ്ലിക് സേഫ്റ്റി ആന്‍ഡ് നാഷനല്‍ സെക്യൂരിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ആഭ്യന്തരമന്ത്രിയെ കുറിച്ച് മന്ത്രി ഡേവിഡ് മോറിസണ്‍ നടത്തിയ അടിസ്ഥാന രഹിതമായ പരാമര്‍ശത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുന്നതായാണ് ഇന്ത്യ അറിയിച്ചത്. ഈ സമിതിയെ സംബന്ധിച്ച് ഒരു കുറിപ്പും ഇന്ത്യ കൈമാറി.

കാനഡയില്‍ നടന്ന സിഖ് വിഘടനവാദികളെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ അമിത് ഷാ ആണെന്ന് കാനഡ ആരോപിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിജ്ജര്‍ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്രബന്ധം വഷളായിരുന്നു.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മയ്ക്ക് നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ കാനഡ പ്രതി ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ കഴിഞ്ഞ മാസം ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മ്മയെ തിരിച്ചുവിളിച്ചിരുന്നു. ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥെരെ പുറത്താക്കുകയും ചെയ്തിരുന്നു.