
മുംബയ്: കാശ്‌മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് മഹാദിക്കിന്റെ ഓർമ്മയ്ക്കായി 300 കിലോഗ്രാം മധുരപലഹാരങ്ങൾ സൈന്യത്തിന് സമ്മാനിച്ച് സുഹൃത്തുക്കൾ.
മഹാരാഷ്ട്ര സ്വദേശിയായിരുന്ന സന്തോഷ് 41 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിംഗ് ഓഫീസറായിരുന്നു. 2015 നവംബറിൽ കുപ്‌വാരയിലെ ഹാജി നഖാ വന മേഖലയിലെ ഭീകരവിരുദ്ധ ദൗത്യത്തിനിടെ ഗുരുതര പരിക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ചണ്ഡീഗഢിൽ നിന്ന് ശ്രീനഗറിലേക്ക് എയർഫോഴ്സ് ചരക്കുവിമാനത്തിലെത്തിച്ച പലഹാര ബോക്സുകൾ 41 രാഷ്ട്രീയ റൈഫിൾസിന് കൈമാറി. സതാരയിലെ സൈനിക സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു സന്തോഷ്. സന്തോഷിന്റെ ഇവിടുത്തെ സഹപാഠികളുടെ നേതൃത്വത്തിലാണ് 'ഓപ്പറേഷൻ ദീപാവലി " എന്ന പേരിൽ മധുര ബോക്സുകൾ കൈമാറിയത്.
21 പാര-സ്‌പെഷ്യൽ ഫോഴ്സ് യൂണിറ്റിലെ ഓഫീസറായിരുന്ന കേണൽ സന്തോഷ് ധീരതയ്ക്കുള്ള സേനാ മെഡലിന് അർഹനായിരുന്നു. ഫുട്ബോൾ, കുതിര സവാരി, ബോക്സിംഗ് തുടങ്ങിയ വിവിധ മേഖലകളിലും മികവ് തെളിയിച്ചു.