kkr

കൊല്‍ക്കത്ത: കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കിയ ക്യാപ്ടന്‍ ശ്രേയസ് അയ്യരെ നിലനിറുത്താതിരുന്നതിന് വിശദീകരണവുമായി ടീം സി.ഇ.ഒ വെങ്കി മൈസൂരു. നിലനിറുത്താനുള്ളവരുടെ പട്ടികയില്‍ ഞങ്ങള്‍ ഒന്നാം സ്ഥാനമാണ് ശ്രേയസിന് നല്‍കിയത്.

ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു അദ്ദേഹം.എന്നാല്‍ ഞങ്ങളുടെ ഓഫര്‍ അദ്ദേഹം സ്വീകരിച്ചില്ല.ഓരോരുത്തരും അവരുടേതായ തീരുമാനങ്ങളാണ് എടുക്കുന്നത്. പണം പോലുള്ള ഘടകങ്ങള്‍ കാരണം ഒരു കരാര്‍ സംഭവിക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അവരുടെ മൂല്യം പരിശോധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ടീമിന്റെ തീരുമാനങ്ങളെ സ്വാധീനിക്കും.- വെങ്കി പറഞ്ഞു.

30 കോടി ചോദിച്ചെന്ന്

അതേസമയം ടീമില്‍ തുടരാന്‍ ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത മാനേജ്‌മെന്റിനോട് 30 കോടി രൂപ ചോദിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഇത്രയും തുക നല്‍കാനാകില്ലെന്ന് ടീം അറിയിക്കുകയായിരുന്നു. ലേലത്തില്‍ വലിയ തുക ലഭിക്കുമെന്നാണ് ശ്രേയസിന്റെ പ്രതീക്ഷ. 2012ല്‍ 12.25 കോടിക്കാണ് കൊല്‍ക്കത്ത ശ്രേയസിനെ ടീമിലെത്തിച്ചത്.