india-canada

ഒട്ടാവ: കാനഡയ്ക്ക് സൈബര്‍ ഭീഷണിയുയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും കാനഡയും തമ്മിലുള്ള നയന്ത്രബന്ധം വളരെ മോശം അവസ്ഥയില്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കം. കാനഡ ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് വേണം പുതിയ നീക്കത്തില്‍ നിന്ന് മനസ്സിലാക്കാന്‍. ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം.

ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് കാനഡയ്ക്ക് സൈബര്‍ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും ചേര്‍ത്തിരിക്കുന്നത്. ആദ്യമായാണ് സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേര് കാനഡ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ ചാരവൃത്തി ലക്ഷ്യംവെച്ച് കാനഡ സര്‍ക്കാരിനെതിരേ സൈബര്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്നാണ് നീക്കത്തിന് കാരണമായി പറയപ്പെടുന്നത്.

ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ വലിച്ചിഴയ്ക്കുന്നതില്‍ കാനഡയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ രംഗത്ത് വന്നിരുന്നു. സ്വന്തം ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ടുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി മാത്രമേ ബാധിക്കുകയുള്ളൂവെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇത്തരം പരാമര്‍ശങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് അറിയിച്ചത്.

കനേഡിയന്‍ ഹൈകമ്മിഷന്‍ പ്രതിനിധിയെ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചതും മുന്നറിയിപ്പ് നല്‍കിയതും. 2024 ഒക്ടോബര്‍ 29ന് ഒട്ടാവയില്‍ നടന്ന പബ്ലിക് സേഫ്റ്റി ആന്‍ഡ് നാഷനല്‍ സെക്യൂരിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ആഭ്യന്തരമന്ത്രിയെ കുറിച്ച് മന്ത്രി ഡേവിഡ് മോറിസണ്‍ നടത്തിയ അടിസ്ഥാന രഹിതമായ പരാമര്‍ശത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുന്നതായാണ് ഇന്ത്യ അറിയിച്ചത്. ഈ സമിതിയെ സംബന്ധിച്ച് ഒരു കുറിപ്പും ഇന്ത്യ കൈമാറി.