gold

ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ് സ്വര്‍ണവില. ഇന്നത്തെ വിപണിയിലെ വില ഒരു പവന് 59,080 രൂപയാണ്. ജൂവലറികളില്‍ സ്വര്‍ണം വാങ്ങാനെത്തിയാല്‍ പണിക്കൂലി, ജിഎസ്ടി ഒക്കെ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 64,000 രൂപയ്ക്കടുത്ത് നല്‍കേണ്ടി വരും. വില മുകളിലേക്ക് പോകുമ്പോള്‍ അത് വില്‍പ്പനയെ ബാധിച്ചിട്ടുണ്ടോ? ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇല്ല എന്നാണ് ഉത്തരം. സാരമായി ബാധിച്ചിരുന്നുവെങ്കില്‍ വില ഇങ്ങനെ ദിവസവും കൂടില്ലായിരുന്നുവെന്നതാണ് മാര്‍ക്കറ്റിലെ അവസ്ഥ.

മാത്രമല്ല, ഇത്രയും വില കൂടിയിട്ടും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വില്‍പ്പന മൂല്യം കൂടുകയാണ് ചെയ്തതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയധികം വില കൂടിയിട്ടും മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തോളം വില്‍പ്പന വര്‍ദ്ധിച്ചുവെന്നതാണ് വിവരം. ഒരു വര്‍ഷം കൊണ്ട് ഏകദേശം 12,000 രൂപയ്ക്ക് മുകളില്‍ വര്‍ദ്ധിച്ചിട്ടും വില്‍പ്പനയില്‍ വര്‍ദ്ധനവ് തന്നെ. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് വീണ്ടും ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവെന്നതാണ് മറ്റൊരു റിപ്പോര്‍ട്ട്.

ഡയമണ്ട് ആഭരണങ്ങളുടെ വില്‍പ്പനയിലും വര്‍ദ്ധനവാണ്. 12 മുതല്‍ 15 ശതമാനം വരെയാണ് ഈ വിഭാഗത്തില്‍ വില്‍പ്പന കൂടിയിരിക്കുന്നത്. ഇതിനോടൊപ്പം വെള്ളിയുടെ വില്‍പ്പനയിലും റെക്കോഡ് വര്‍ദ്ധനവാണ്. 35 ശതമാനത്തോളം അധികം വില്‍പ്പനയാണ് വെള്ളി ആഭരണങ്ങളിലും ഉത്പന്നങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളിയുടെ വിലയും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം കൂടിയ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

ഈ വര്‍ഷം വെള്ളി വില്‍പന 30-35% ഉയര്‍ന്നതായി ഇന്ത്യന്‍ ബുള്ളിയന്‍ & ജൂവലേഴ്സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു. സ്വര്‍ണത്തിന് വില കുതിച്ചുയര്‍ന്നതാണ് പലരെയും വെള്ളി വാങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ആദ്യമായാണ് വെള്ളിക്ക് ഇത്രയും വലിയ ഡിമാന്‍ഡ് അനുഭവപ്പെടുന്നതെന്നും മേത്ത പറഞ്ഞു.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണ്‍ അപേക്ഷിച്ച് വിറ്റ സ്വര്‍ണത്തിന്റെ തൂക്കം ഇത്തവണ കുറഞ്ഞെങ്കിലും മൂല്യം വര്‍ദ്ധിച്ചു. 2023ല്‍ 42 ടണ്‍ സ്വര്‍ണമാണ് ഉപഭോക്താക്കള്‍ വാങ്ങിയത്. ഇത്തവണ ഇത് 35-36 ടണ്ണായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15% കുറവ്. എന്നാല്‍, വിലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 30% വര്‍ദ്ധനയുണ്ടായതിനാല്‍ 20 ശതമാനത്തോളം അധികം തുകയുടെ സ്വര്‍ണമാണ് ഇത്തവണ വിറ്റുപോയത്. 2023ല്‍ 24,000 കോടിയുടെ ഇടപാടാണ് നടന്നതെങ്കില്‍ ഇത്തവണ 28,000 കോടിയോളം രൂപയുടെ കച്ചവടം നടന്നു.

2024ലെ കാര്യം മാത്രം പരിശോധിച്ചാല്‍ സ്വര്‍ണത്തിന് കൂടിയത് 12,500 രൂപയില്‍ അധികമാണ്. ഒറ്റ വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ദ്ധനവ് വന്നുകഴിഞ്ഞുവെന്ന് അര്‍ത്ഥം. 2023ല്‍ തൊട്ടു മുമ്പത്തെ വര്‍ഷം നല്‍കേണ്ടി വന്നതിനേക്കാള്‍ വില കൂടി 44,000ല്‍ എത്തിയിരുന്നു. 2021, 2022 വര്‍ഷങ്ങളില്‍ തൊട്ടുമുമ്പത്തെ കണക്കില്‍ നിന്ന് ചെറിയ ഇടിവുണ്ടായി 36,000ല്‍ എത്തിയിരുന്നു. 2020ലാണ് 2019നെ അപേക്ഷിച്ച് വില ഇരട്ടിയോളമായി സ്വര്‍ണം ഇങ്ങനെ പൊള്ളിക്കാന്‍ തുടങ്ങിയത്. 2019ല്‍ 23,720 രൂപ മാത്രമായിരുന്നത് 2020ല്‍ 42,000ല്‍ എത്തി നിന്നു. അതായത് 2019-2024 ആയപ്പോള്‍ കൂടിയത് 36,000 രൂപ.