
കോട്ടയം : ഇണചേരൽ സമയമായതിനാൽ പാമ്പുകളെ കരുതണമെന്ന് വനംവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകുമ്പോഴും പാമ്പുപിടിത്തക്കാരുടെ ഇൻഷ്വറൻസ് പദ്ധതി മാളത്തിൽ തന്നെ. ഉടനെ നടപ്പാക്കുമെന്ന് വനംവകുപ്പ് ആവർത്തിക്കുമ്പോഴും പാമ്പുപിടിത്തത്തിൽ പരിശീലനം നേടിയ വോളണ്ടിയർമാരുടെ സുരക്ഷിതത്വത്തിന് വിലനൽകുന്നില്ല. മലയോര, പടിഞ്ഞാറൻ മേഖലകളിലെ നിരവധി വീടുകളിൽ നിന്നാണ് ഇതിനോടകം നിരവധി പാമ്പുകളെ പിടികൂടി. പാടശേഖരങ്ങളും റബർ തോട്ടങ്ങളും പാമ്പുകളുടെ വിഹാര കേന്ദ്രമായി. ഒക്ടോബർ മുതൽ പാമ്പുകളുടെ പ്രജനനകാലമാണ്. ഇണചേരൽ കാലത്ത് പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ തേടിയിറങ്ങുന്ന സമയം. ചൂടുകൂടിയാൽ ശീതരക്തമുള്ള പാമ്പുകൾ ശരീരത്തിലെ താപനില നിലനിറുത്താൻ നെട്ടോട്ടമോടും. ചവിട്ടുകയോ മറ്റോ ചെയ്താൽ ആഞ്ഞുകൊത്തും.
പാമ്പിനെ ഈ സമയത്ത് കരുണം
മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിലെ കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരം നീക്കം ചെയ്യുക
മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും ശ്രദ്ധിക്കണം
ആൾ സഞ്ചാരം കുറയുന്ന സന്ധ്യയ്ക്ക് പാമ്പുകൾ ഇര തേടിയിറങ്ങും
സർപ്പ വോളണ്ടിയർമാർ നിരവധി
കഴിഞ്ഞ മാസത്തെ പരിശീലനം കഴിഞ്ഞ് 73 വോളണ്ടിയർമാർ കൂടിയാണ് സൗജന്യമായി പാമ്പുകളെ പിടിക്കാൻ ലൈസൻസ് നേടിയത്. എന്നാൽ, പാമ്പുകടിയേറ്റാൽ സ്വന്തം ചെലവിൽ ചികിത്സ നടത്തണം. ചികിത്സാചെലവിന് ആനുപാതികമായി 75,000 രൂപ വരെ സഹായം വനം വകുപ്പ് അനുവദിക്കും. തുക കൈപ്പറ്റണമെങ്കിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ വിവരങ്ങളും രേഖകളും സമർപ്പിക്കണം.
പാമ്പുകടിയേറ്റാൽ
ചികിത്സാസഹായം: പരമാവധി : 75,000 രൂപ
സ്ഥിരംഅംഗവൈകല്യം, മരിച്ചാൽ : 2 ലക്ഷം