
ഭായിമാരെന്നും ബംഗാളികളെന്നും പേരിട്ട് വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഒരു പരിധിക്കപ്പുറം മലയാളികള്‍ അടുപ്പിക്കാറില്ല. പറമ്പിലെ ജോലി മുതല്‍ പെട്രോള്‍ പമ്പ്, തട്ടുകട, നിര്‍മാണ മേഖല, ഹോട്ടല്‍ മേഖല അതോടാപ്പം വന്‍കിട പദ്ധതികളുടെ മുന്നോട്ട് പോക്ക് പോലും ഇക്കൂട്ടരില്ലെങ്കില്‍ താളം തെറ്റുമെന്നതാണ് സ്ഥിതി. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പോയ ശേഷം തിരികെ എത്തുന്നതില്‍ ഗണ്യമായി കുറയുന്നുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോയതിന് ശേഷമാണ് ബംഗാള്‍, ബിഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ അവരുടെ നാടുകളില്‍ തന്നെ തുടരുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സ്വപ്‌ന പദ്ധതിയാണ് ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിലെ വികസനം. തൊഴിലാളികളുടെ എണ്ണം കുറഞ്ഞത് കാരണം നിര്‍മാണപ്രവര്‍ത്തനം ഇഴയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെട്രോ നിര്‍മാണത്തിനായി പണിയെടുത്തിരുന്നവരില്‍ ഭൂരിഭാഗവും ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോയ ഇവരില്‍ ഭൂരിഭാഗവും മടങ്ങി വന്നിട്ടില്ല. മേയ് അവസാനമോ ജൂണ്‍ ആദ്യ വാരമോ തൊഴിലാളികള്‍ മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ലെന്നതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയാന്‍ കാരണം.
തൊഴിലാളികള്‍ക്ക് തങ്ങളുടെ സ്വന്തം സംസ്ഥാനങ്ങളില്‍ അനുയോജ്യമായ തൊഴിലുകള്‍ ലഭിച്ചിരിക്കാമെന്നതാണ്. ബിഹാര്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ റോഡ്, റെയില്‍ അടിസ്ഥാന വികസന പദ്ധതികള്‍ നടക്കുന്നുണ്ട്. ഈ പദ്ധതികളില്‍ നിരവധി തൊഴിലാളികളെ ആവശ്യമുണ്ട്. വീടിനോട് അടുത്ത സ്ഥലങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിനൊപ്പം മുന്‍ വര്‍ഷങ്ങളിലേതിലും മെച്ചപ്പെട്ട വേതനവും ലഭിക്കുമെന്നത് തൊഴിലാളികളുടെ വരവിനെ തടഞ്ഞിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ചെന്നൈ മെട്രോ റെയില്‍ അധികൃതര്‍.