
പ്രമാടം : ഒരുകാലത്ത് കേരളത്തിലെ പാടശേഖരങ്ങളിലെ പ്രധാന ഇടവിളയായിരുന്ന എള്ളുകൃഷി വിസ്മൃതിയിലേക്ക് വളരുന്നു. കാലാവസ്ഥാ വ്യതിയാനവും പരിപാലന ചെലവ് ഏറിയതുമാണ് എണ്ണ ഉല്പാദനം ലക്ഷ്യമിട്ടുള്ള എള്ളുകൃഷിയുടെ നാശത്തിന് കാരണം. മുമ്പ് വ്യവസായിക അടിസ്ഥാനത്തിലായിരുന്നു കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ ഇടവിളയായി എള്ള് കൃഷി ചെയ്തിരുന്നത്.
വിത്തിന്റെ നിറം അടിസ്ഥാനമാക്കി എള്ളിനെ കറുത്ത എള്ള്, വെളുത്ത എള്ള് , ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതിൽ ഏറെ ഗുണമേൻമയും ഉപഭോഗം കൂടുതലുള്ളതുമായ കറുത്ത എള്ളാണ് പലയിടങ്ങളിലും വ്യാപകമായി വിതച്ചിരുന്നത്. എള്ള് വിത്തിന്റെ അമ്പതുശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. രണ്ടുമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷ ഓഷധി വർഗത്തിൽപ്പെട്ട സസ്യമാണിത്.
നെൽപ്പാടത്തെ ഇടവിള
കൊയ്ത്തുകഴിഞ്ഞ പാടത്തിൽ അടുത്ത നെൽ കൃഷിക്ക് മുമ്പായി ഒരു ചാൽ ഉഴുത് വയൽ തോർന്നതിനുശേഷമാണ് എള്ള് വിതക്കുന്നത്. വിതച്ചതിനുശേഷം പച്ച ചാണകം വിതറി വീണ്ടും പാടം ഉഴണം. വളരെ ചെറിയ ഈർപ്പത്തിൽ വളരുന്ന ഒരു സസ്യമായ ഇത് മുളച്ച് നാലിലപ്പരുവമാകുമ്പോൾ ഇടയിളക്കും. ഒരു മാസം കഴിഞ്ഞ് രാസവളങ്ങളോ ജൈവ വളങ്ങളോ ചേർക്കണം. സാധാരണ മൂന്നുമാസമാണ് എള്ളുകൃഷിക്ക് വേണ്ടിവരുന്ന സമയം. ചെടി മൂടോടെ പിഴുതെടുത്ത് കായ്കൾ വേർതിരിച്ചാണ് വിളവെടുക്കുന്നത്.
നല്ലെണ്ണ എന്ന എള്ളെണ്ണ
എള്ളിൽ നിന്ന് ലഭിക്കുന്ന പ്രധാന ഉല്പന്നമാണ് നല്ലെണ്ണ എന്ന എള്ളെണ്ണ. ഹൈന്ദവാചാരമനുസരിച്ച് നടത്തുന്ന അനുഷ്ഠാനങ്ങളിലും പ്രാർത്ഥനകളിലും നെയ്യ് പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് നല്ലെണ്ണയും. പാചക ആവശ്യങ്ങൾക്കും ഇത് ഉപയോഗിച്ചുവരുന്നു. വിത്ത് നന്നായി ഉണക്കിയെടുത്തതിനുശേഷമാണ് എണ്ണയുണ്ടാക്കാൻ എടുക്കാറുള്ളത്. വിത്തിൽ എണ്ണയുടെ അംശം 37 മുതൽ 63 ശതമാനംവരെ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ചക്കിലിട്ട് ആട്ടിയോ യന്ത്രസഹായത്തോടെയോ വേർതിരിച്ചെടുക്കുന്ന എണ്ണയ്ക്ക് സ്വർണനിറമായിരിക്കും. മരണാനന്തര കർമ്മങ്ങൾക്കും എള്ള് ഉപയോഗിക്കുന്നുണ്ട്.