viral

ടെഹ്റാൻ: ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിബന്ധനയിൽ പ്രതിഷേധിച്ച് യുവതി അടിവസ്ത്രം മാത്രം ധരിച്ച് കോളേജിൽ നടന്നു. കഴിഞ്ഞ ദിവസമാണ് ഇറാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയിൽ യുവതി വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. സംഭവം ഇറാനിലെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. അടിവസ്ത്രം മാത്രം ധരിച്ച് നടന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതും വീഡിയോയിലുണ്ട്.

മാനസിക വൈകല്യമുളളതുകൊണ്ടാണ് യുവതി വേറിട്ട രീതിയിൽ എത്തിയതെന്നും നിലവിൽ പൊലീസ് സ്​റ്റേഷനിൽ സുരക്ഷിതയാണെന്നും സർവകലാശാല വക്താവ് അമീർ മഹ്‌ജോബ് എക്സിൽ കുറിച്ചു. അതേസമയം, യുവതിയുടേത് ബോധപൂർവമായ പ്രതിഷേധമാണെന്ന് ചിലർ സോഷ്യൽമീഡിയിൽ പ്രതികരിച്ചു. കടുത്ത മതനിയമങ്ങളുളള ഇറാനിൽ ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളും പൊതുസമൂഹത്തിൽ അൽപവസ്ത്രം ധരിച്ച് നടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാര്യമാണ്. പക്ഷെ യുവതിയുടെ പ്രതികരണം നിർബന്ധമായും ഹിജാബ് ധരിക്കണമെന്ന നിമയമത്തിനെതിരെയാണെന്നാണ് മ​റ്റൊരാൾ പ്രതികരിച്ചത്.

ഹിജാബ് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 2022 സെപ്തംബറിൽ പൊലീസ് കസ്​റ്റഡിയിലായ ഇറാനിലെ കുർദിഷ് യുവതി മഹ്സാ അമീനി മരിച്ചതിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. തെരുവിൽ ഇറങ്ങിയ സ്ത്രീകൾ സംഘങ്ങളായി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇത് ഇറാനിൽ കടുത്ത പ്രതിസന്ധിക്ക് കാരണമായിരുന്നു.