attack

ശ്രീനഗർ: ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം, ജമ്മുകാശ്മീരിലെ ലാൽ ചൗക്കിന് സമീപത്തായാണ് ഗ്രേനേഡ് ആക്രമണമുണ്ടായത്. ടൂറിസം റിസെപ്ഷൻ സെന്ററിന് നേർക്ക് ഭീകര‌ർ ഗ്രനേഡ് എറിയുകയായിരുന്നു. തിരക്കേറിയ സമയത്തായിരുന്ന സംഭവം. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് സുരക്ഷാ സേനയും മെഡിക്കൽ സംഘവും എത്തിച്ചേർന്നിട്ടുണ്ട്. പരിക്കേ​റ്റവരെ ആശുപത്രിയിലേക്ക് മാ​റ്റി.

കഴിഞ്ഞ ദിവസവും അനന്ത്നാഗിലും ശ്രീനഗറിലും ഉണ്ടായ ഏറ്റുമുട്ടലിൽ പാക് ഭീകരസംഘടനയായ ലഷ്‌കറെ തയ്ബയുടെ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. രണ്ട് പൊലീസുകാർക്കും രണ്ട് സി. ആർ. പി ഭടന്മാർക്കും പരിക്കേറ്റു. ശ്രീനഗറിലെ ഖന്യാ‌റിൽ ലഷ്‌കർ കമാൻഡറും പാക്പൗരനുമായ ഉസ്‌മാൻ ലഷ്ക്കരിയെയാണ് വധിച്ചത്. പൊലീസ് ഇൻസ്പെക്ടറായിരുന്ന മസ്‌റൂറിന്റെ കൊലപാതകം ഉൾപ്പെടെ പല ആക്രമണങ്ങളിലും പങ്കുള്ള ഇയാൾ സൈന്യത്തിന്റെ ഹിറ്റ് ലിസ്റ്റിലായിരുന്നു.

ഖന്യാറിൽ ജനവാസകേന്ദ്രത്തിൽ ഭീകരൻ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ സൈന്യം പ്രദേശം വളഞ്ഞു. ഭീകരൻ വെടിവച്ചതോടെ സൈന്യം തിരിച്ചാക്രമിച്ചു. വെടിവയ്പ്പിനിടെ ഭീകരൻ ഒളിച്ചിരുന്ന കെട്ടിടത്തിൽ തീപിടിച്ചു. ഭീകരന്റെ വെടിയേറ്റാണ് നാല് സുരക്ഷാ ഭടന്മാർക്ക് പരിക്കേറ്റത്. ഭീകരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ശേഷമാണ് ഓപ്പറേഷൻ അവസാനിപ്പിച്ചത്.