
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. അടുത്തിടെ ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താരങ്ങൾ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ പുറത്തുവന്നു. ഇത്തരം ഗോസിപ്പുകൾ ശ്രദ്ധിക്കാറില്ലെന്നായിരുന്നു നിമ്രത്തിന്റെ പ്രതികരണം. ഇപ്പോഴിതാ ബച്ചൻ കുടുംബത്തിലെ വിവാഹമോചന വാർത്തകൾക്കിടെ പഴയൊരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ഒരു പുസ്‌തക പ്രകാശനച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ജയ ബച്ചൻ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി എന്നിവർ വേദിയിലുണ്ട്. ചടങ്ങിൽ തന്റെ കുടുംബത്തിലെ മറ്റൊരു പ്രധാന അംഗത്തെ പരിചയപ്പെടുത്തുകയാണ് ജയ ബച്ചൻ. തന്റെ ഭാവി മരുമകളായി അഭിസംബോധന ചെയ്ത് ബോളിവുഡ് നടി കരിഷ്‌മ കപൂറിനെ ജയ ബച്ചൻ വേദിയിലേയ്ക്ക് ക്ഷണിക്കുന്നു. തുടർന്ന് കരിഷ്‌മ കടന്നുവരികയും ബച്ചൻ കുടുംബം ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഐശ്വര്യ റായ്‌യെ വിവാഹം ചെയ്യുന്നതിന് മുൻപ് അഭിഷേകും കരിഷ്‌മയും തമ്മിൽ 2002ൽ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് വിവാഹം നടന്നില്ല. വിവാഹം ഉപേക്ഷിക്കുന്നതിനുള്ള കാരണം ഇരുകുടുംബങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ഇതിനുശേഷമാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാവുന്നത്. കരിഷ്മ ബിസിനസുകാരനായ സഞ്ജയ് കപൂറിനെയും വിവാഹം ചെയ്തു. 2016ൽ കരിഷ്‌മ വിവാഹമോചിതയായി. പഴയ വീഡിയോയുടെ അടിസ്ഥാനത്തിൽ പലരും അഭിഷേക്- ഐശ്വര്യ വിള്ളലുമായി ബന്ധപ്പെടുത്തി പല കഥകളും മെനയുകയാണ്.