share

കൊച്ചി: ദീപാവലി നാളിലെ മുഹൂർത്ത വ്യാപാരത്തിൽ മികച്ച ക്ലോസിംഗ് നടത്തിയ ഇന്ത്യൻ ഓഹരിവിപണി ആ നേട്ടം തുടരുമോ അതോ അതിന് മുമ്പ് നടത്തിയ തിരുത്തലുകളുടെ ബാക്കിയായി നഷ്ടത്തിലേക്ക് കൂപ്പുകുത്തുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ഉത്തരേന്ത്യൻ ഹൈന്ദവ കലണ്ടർ പ്രകാരമുള്ള സംവത് 2081ന് ശനിയാഴ്ച വൈകിട്ട് നടന്ന ഒരു മണിക്കൂർ മാത്രം നീണ്ടു നിന്ന വ്യാപാരത്തിൽ ഇന്ത്യൻ സൂചികകൾ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. മുഹൂർത്ത വ്യാപാരത്തിനൊടുവിൽ നിഫ്റ്റി 24,304.35ലാണ് വ്യാപാരം അവസാനിപ്പിച്ചത്. റീട്ടെയിൽ നിക്ഷേപകരുടെ പിൻബലത്തിലാണ് വിപണി മുന്നേറിയത്. ആഭ്യന്തര,​ വിദേശ ഫണ്ടുകൾ വിൽപ്പനക്കാരായി. ഐ.ടി,​ ഓട്ടോ സെക്ടറുകൾ നഷ്ടത്തിലായിരുന്നു.

മാസങ്ങളായി മുന്നോട്ടു കുതിച്ചുകൊണ്ടിരുന്ന വിപണിയിൽ ഒക്ടോബറിലാണ് വലിയ തിരുത്തലുകൾ നടന്നത്. വിദേശഫണ്ടുകൾ കൂട്ടത്തോടെ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയതാണ് തകർച്ചയ്ക്കിടയാക്കിയത്. കഴിഞ്ഞമാസം 6.2 ശതമാനമാണ് വിപണി ഇടിഞ്ഞത്. 2020ന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.

മുഴുവൻ കണ്ണുകളും അമേരിക്കയിലേക്ക്

അമേരിക്കയിലെ തിരഞ്ഞെടുപ്പ് അമേരിക്കൻ വിപണിക്കും ആഗോളവിപണിക്കും എത്രത്തോളം പ്രധാനമാണോ അത്രതന്നെ ഇന്ത്യൻ ഓഹരിവിപണിയിലും മാറ്റങ്ങളുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. നാളെയാണ് അമേരിക്കൻ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ്. ഇത് കൂടാതെ അമേരിക്കൻ ഫെഡ് റിസർവിന്റെ നയരൂപീകരണയോഗവും വിപണിയിൽ ചലനങ്ങളുണ്ടാക്കും. ചൈനീസ് കയറ്റുമതി-​ ഇറക്കുമതി കണക്കുകളും പണപ്പെരുപ്പ കണക്കുകളും കൂടി പുറത്തുവരാനുണ്ട്. ഇതൊക്കെ ഈ ആഴ്ചയിലെ വിപണിയെ സ്വാധീനിക്കും. അതേസമയം,​ ഇന്ത്യയിലെ മദ്യഉപഭോഗം കുറഞ്ഞത് രാജ്യത്തെ മധ്യവർഗത്തിനിടയിൽ സാമ്പത്തികമാന്ദ്യം നിലനിൽക്കുന്നുണ്ടെന്നതിന് സൂചനയാണെന്നും ഇത് ഓഹരിവിപണിയെ ചെറുതായെങ്കിലും ബാധിച്ചേക്കാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ,​ കമ്പനികളുടെ രണ്ടാംപാദ പ്രവ‍ർത്തനഫലം സമ്മിശ്രമായതും വിപണിയെ പ്രതികൂലമായി ബാധിച്ചേക്കാം. എന്നാൽ,​ ഒരു വലിയ ഇടിവിലേക്ക് വിപണി പോകാനുള്ള സാധ്യത കുറവാണെന്നും വിദഗ്ദ്ധർ പറയുന്നു.

ഈ ആഴ്ച വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

 നവംബർ 5ന് - അമേരിക്കൻ തിരഞ്ഞെടുപ്പ്. ജനുവരിയിലാണ് ഫലം വരിക. അത്രനാളും വിപണിയിൽ ചാഞ്ചാട്ടമുണ്ടാകും.

നവംബർ 6ന് - ചൈനീസ് കയറ്റുമതി-ഇറക്കുമതി കണക്കുകൾ പുറത്തുവിടും

നവംബർ 7ന്- അമേരിക്കൻ ഫെഡ് റിസ‍ർവിന്റെ നയരൂപീകരണ യോഗം. നിരക്ക് കുറയാൻ സാദ്ധ്യത.

നവംബർ7ന്- അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സും തൊഴിലവസരങ്ങളുടെ കണക്കും പുറത്ത് വരും.

 നവംബർ 7ന്- ബാങ്ക് ഒഫ് ഇംഗ്ലണ്ടിന്റെ നയരൂപീകരണ യോഗവും കണക്കുകളും പുറത്തുവരും. നിരക്ക് കുറയാൻ സാദ്ധ്യത

നവംബർ 9ന് - ചൈനീസ് പണപ്പെരുപ്പ കണക്ക് പുറത്തുവരും.