d

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിനോളം ചരിത്രവും പാരമ്പര്യവും ബഹുസ്വര കാഴ്ചപ്പാടും അവകാശപ്പെടാനാവുന്ന മറ്റൊരു കായികമേളയുമില്ല. ഒളിമ്പിക്സ് മുന്നോട്ടുവയ്ക്കുന്ന ഉദാത്തമായ ആശയങ്ങളെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിലും പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്നു തിരിച്ചറിഞ്ഞാണ് ഈ വർഷത്തെ സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഒളിമ്പിക്സ് മാതൃകയിൽ സമഗ്രവും വിശാലവുമായ രീതിയിൽ സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്.

വ്യത്യസ്ത കാലയളവുകളിൽ,​ ഇതര മത്സര വേദികളിൽ നടന്നിരുന്ന കായികമേള ഒരേ കാലയളവിൽ,​ തിരഞ്ഞെടുക്കപ്പെട്ട ഒരു ജില്ല കേന്ദ്രീകരിച്ച് നടത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. കൊച്ചിയിൽ,​ മഹാരാജാസ് കോളേജ് ഗ്രൗണ്ടാണ് മേളയുടെ പ്രധാന വേദി. പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളോടുള്ള ഈ സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി,​ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക മത്സരമായ ഇൻക്ലുസീവ് സ്പോർട്സും മേളയുടെ ഭാഗമാണ്. ഇൻക്ലുസീവ് സ്പോർട്‌സിൽ 14 ജില്ലകളുടെ പ്രതിനിധികളായി 1700- ഓളം താരങ്ങൾ പങ്കെടുക്കും. ഇവർ ഉൾപ്പെടെ കാൽക്ഷത്തോളം കൗമാര താരങ്ങളാണ് ഇന്നു മുതൽ 11 വരെ നീണ്ടുനീളുന്ന വാശിയേറിയ പോരാട്ടത്തിൽ അണിനിരക്കുന്നത്. സ്കൂൾ കായിക മത്സര ചരിത്രത്തിൽ ആദ്യമായി,​ ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിക്കുന്ന ആറു വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കായിക പ്രതിഭകൾ കൂടി മേളയുടെ ഭാഗമാകുന്നു.

ചാമ്പ്യൻപട്ടം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിംഗ് സ്വർണ്ണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുന്നു. ഒളിമ്പിക്സ് മാതൃകയിൽ സ്ഥിരം ലോഗോ, ഭാഗ്യചിഹ്നം, പ്രൊമോ വീഡിയോ, ബ്രാൻഡ് അംബാസിഡർ തുടങ്ങിയവ ഈ വർഷത്തെ സ്കൂൾ കായികമേളയുടെ പ്രത്യേകതയാണ്. ഒളിമ്പിക്സ് മാതൃകയിൽ കായികമേള സംഘടിപ്പിക്കുന്നതിലൂടെ പ്രതിഭാധനരായ താരങ്ങൾക്ക് കൂടുതൽ ആവേശത്തോടെയും അർപ്പണബോധത്തോടെയും കായികരംഗത്ത് തുടരുവാൻ ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ഉറപ്പുനൽകുന്നു. നമ്മുടെ മഹത്തായ കായിക സംസ്കാരം, അടിസ്ഥാന സൗകര്യ വികസനം, പ്രതിഭാ വികസനം, സാമൂഹിക ഇടപെടൽ എന്നിവയ്ക്ക് വിശാലമായ മാനം നൽകുന്നതിന് നൂതനമായ ഈ സമീപന രീതി വഴിത്തിരിവാകും.

മത്സരം നടക്കുന്ന എല്ലാ വേദികളിലും ഡിജിറ്റൽ ബോർഡുകളും പ്രത്യേക വീഡിയോ സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. ലോകത്തെവിടെയിരുന്നും മത്സരങ്ങൾ വീക്ഷിക്കുന്നതിന് കൈറ്റ് വിക്ടേഴ്സ് ചാനലിൽ തത്സമയ സംപ്രേക്ഷണമുണ്ട്. നിർമിതബുദ്ധിയുടെ സാധ്യതകൾ മത്സരവിധി നിർണയത്തിനും ഫലങ്ങളുടെ കൃത്യതയ്ക്കുമായി ഉറപ്പാക്കിയിരിക്കുന്നു. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര കായിക മത്സരങ്ങളിൽ മേളപ്പെരുമയുടെ പ്രതീകമായി ഭാഗ്യചിഹ്നം അവതരിപ്പിക്കാറുണ്ട്. സൗഹൃദം,സ്ഥിരോത്സാഹം, ബഹുമാനം, സമാധാനം, ഐക്യം, പ്രത്യാശ തുടങ്ങിയ സർവലൗകിക വിഷയങ്ങളാണ് ഭാഗ്യചിഹ്ന അവതരണത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. പ്രഥമ കേരള സ്കൂൾ കായികമേളയ്ക്ക് ‘തക്കുടു’ എന്ന അണ്ണാറക്കണ്ണനെയാണ് സംസ്ഥാന സർക്കാർ ഭാഗ്യചിഹ്നമായി അവതരിപ്പിക്കുന്നത്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ജീവിയെന്ന നിലയിൽ ‘തക്കുടു’വിനെ കേരളം ഹൃദയത്തോട് ചേർത്തുപിടിച്ചു കഴിഞ്ഞു.

പുതിയ ലക്ഷ്യം,​

പുതിയ മാർഗം

സാംസ്കാരികവും പ്രകൃതിദത്തവും ചരിത്രപരവുമായ അത്ഭുതങ്ങളുടെ സവിശേഷമായ സമ്മിശ്രണത്തിന് കീർത്തികേട്ട കേരളത്തിന്റെ കായിക കരുത്ത് വർദ്ധിപ്പിക്കുന്നതിൽ സവിശേഷമായ പങ്കു വഹിച്ചിട്ടുള്ള സ്കൂൾ കായികമേളയുടെ പ്രചാരണാർത്ഥമുള്ള പുതിയ ലോഗോ വിവിധ കായിക മത്സരയിനങ്ങളെ പ്രതിനിധാനം ചെയ്യുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. വിജയികളാകുന്ന താരങ്ങൾക്ക് ഒളിമ്പിക്സ് സമ്മാന വിതരണ രീതിയിൽ വിക്ടറി സെറിമണി സമയത്ത് കിരീടധാരണം കൂടിയുണ്ടാകും.

ഇന്ത്യയുടെ കായിക പുരോഗതിക്ക് സഹായകമാകുന്ന നിലയിൽ സ്കൂൾതലത്തിൽ നിന്ന് കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ച് രാജ്യാന്തര നിലവാരമുള്ള മികച്ച താരങ്ങളായി വളർത്തിയെടുക്കുക എന്ന ലക്ഷ്യം നേടാൻ സഹായകമായ ഭൗതിക സൗകര്യങ്ങളും പിന്തുണാ സംവിധാനങ്ങളും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. സ്പോർട്സ് കുട്ടികളുടെ സമഗ്ര വികസനത്തിനും വ്യക്തിഗത അക്കാദമിക പിന്തുണ നൽകുന്നതിന്റെയും ഭാഗമായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ കേരള സ്പോർട്സ് സ്കൂൾ പാഠ്യപദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആദ്യഘട്ടമായ സ്പോർട്സ് സ്കൂൾ പാഠ്യപദ്ധതി സമീപനരേഖ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രകാശനം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ സ്കൂളുകളിലെ മികച്ച കായിക പ്രതിഭകളെ ഒരുമിച്ചു കൊണ്ടുവരുന്ന അഭിമാനകരമായ മത്സര സംഗമവേദി കൂടിയാണിത്. താരങ്ങൾ തമ്മിലുള്ള ഒരുമയുടെയും നിശ്ചയദാർഢ്യത്തിന്റെയും മികവിന്റെയും ഏറ്റവും വലിയ പോരാട്ടഭൂമി കൂടിയായി ഇത് മാറും. പുതു കാഴ്ചപ്പാടോടെയും വ്യക്തമായ ലക്ഷ്യത്തോടെയും ഒത്തുചേരുന്ന താരങ്ങൾക്ക് പ്രതീക്ഷയ്ക്കും അപ്പുറമുള്ള നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.