
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് (32) മരിച്ചത്. 60 ശതമാനത്തിലധികം പൊള്ളലേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്നു. പരേതനായ അമ്പൂഞ്ഞി - ജാനകി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: കാഞ്ചന, രാഗിണി.
ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ റോഡ് സ്വദേശി സന്ദീപ് (38) ശനിയാഴ്ച മരിച്ചിരുന്നു.മരണപ്പെട്ട സന്ദീപും രതീഷും അടുത്ത സുഹൃത്തുകളും അടുത്തടുത്ത വീട്ടുകാരുമാണ്. കോഴിക്കോട് മിംസിൽ ചികിത്സയിലുള്ള ബിജുവും മംഗളൂരു എ.ജെ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള ലിനേഷും മരണപ്പെട്ട സന്ദീപും രതീഷും ഒന്നിച്ചാണ് ഉത്സവത്തിന് പോയത്. നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു ഇവർ.