
ബംഗളൂരു: പ്രശസ്ത കന്നട സിനിമാ സംവിധായകനും നടനുമായ ഗുരുപ്രസാദിനെ (52) ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളുരുവിന് സമീപം മദനായകനഹള്ളിയിലെ അപ്പാർട്മെന്റിൽ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപ്പാർട്മെന്റിൽനിന്ന് രൂക്ഷ ഗന്ധം വരുന്നുവെന്ന അയൽക്കാരുടെ പരാതിയെത്തുടർന്ന് പൊലീസ് എത്തി പരിശോധിക്കുകയായിരുന്നു. ഗുരുപ്രസാദ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖനായിരുന്നു ഗുരുപ്രസാദ്. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷ്യൽ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. അഡോമ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടക്കുമ്പോഴായിരുന്നു അന്ത്യം. പത്തോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്, അടുത്തിടെ ഗുരുപ്രസാദ് വീണ്ടും വിവാഹിതനായിരുന്നു. ഗുരുപ്രസാദിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കന്നഡ സിനിമാ ലോകം ദുഃഖം രേഖപ്പെടുത്തി. മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തന്റെ എക്സ് പേജിൽ അനുശോചനം രേഖപ്പെടുത്തി.