
കൊല്ലം: അന്താരാഷ്ട്ര സുനാമി അവബോധ ദിനമായ നവംബർ അഞ്ചിന് (ചൊവ്വ) രാവിലെ 10.30 ന് ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ സുനാമി മോക്ഡ്രിൽ സംഘടിപ്പിക്കും. യുനെസ്കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർഗവൺമെന്റിൽ ഓഷ്യനോഗ്രാഫിക് കമ്മിഷൻ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സുനാമി റെഡി പദ്ധതിയുടെ ഭാഗമായാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത് .
സുനാമി ദുരന്ത ലഘൂകരണ പദ്ധതികൾ, ഒഴിപ്പിക്കൽ റൂട്ടുകൾ ഉൾപ്പെടുന്ന മാപ്പുകൾ അവബോധ ക്ലാസുകൾ, മോക്ഡ്രില്ലുകൾ തുടങ്ങി വിവിധങ്ങളായ സൂചകങ്ങൾ മുൻനിറുത്തി ഒരു തീരദേശ ഗ്രാമത്തിന് 'സുനാമി റെഡി' എന്ന് സാക്ഷ്യപത്രം നൽകുകയാണ് മോക്ഡ്രില്ലിലൂടെ ലക്ഷ്യം. തദ്ദേശ ജനവിഭാഗങ്ങൾ, ജനപ്രതിനിധികൾ, ദുരന്ത നിവാരണ ഏജൻസികൾ, വിവിധ വകുപ്പുകൾ തുടങ്ങിയവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്.
മോക്ഡ്രിൽ വേളയിൽ പ്രദേശവാസികൾ പരിഭ്രാന്തരാകരുതെന്ന് കളക്ടർ എൻ ദേവിദാസ് അറിയിച്ചു. പ്രദേശത്ത് ആവശ്യമായ ഗതാഗത ക്രമീകരണം ഉൾപ്പെടെ ഒരുക്കുന്നതിന് പൊലീസിന് നിർദേശം നൽകി. ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും.
മോക് ഡ്രില്ലിൽ ആപ്ദാ മിത്ര, സിവിൽ ഡിഫൻസ് വൊളണ്ടിയർമാരുടെ പങ്കാളിത്തവും ഉണ്ടാകും. പരിസരവാസികൾക്ക് മുൻകൂറായി അറിയിപ്പ് നൽകി ബോധവത്കരണം നടത്തും. പഞ്ചായത്ത് പരിധിയിലെ കരയോഗങ്ങൾ, ക്ലബുകൾ എന്നിവരുടെ സഹകരണവും മോക്ഡ്രിലിൽ ഉറപ്പാക്കും.