
ജെഫേഴ്സൺ സിറ്റി: ജോലിക്കുവേണ്ടി വീട്ടിൽ നിന്ന് രാവിലെ ഓഫീസിലേക്ക് പോകുന്നതും യാത്രയ്ക്കിടെ ഉച്ചഭക്ഷണം എടുത്തിട്ടില്ലെന്ന് ഓർമ വരുന്നതും പതിവ് കാര്യങ്ങളാണ്. ചിലർ തിരികെ വീട്ടിലെത്തി ഉച്ചഭക്ഷണം എടുക്കും. മറ്റുചിലരാകട്ടെ ഓഫീസിലെത്താൻ വൈകുമെന്ന് കരുതി ഭക്ഷണം പുറത്ത് നിന്ന് വാങ്ങി കഴിക്കാമെന്ന തീരുമാനത്തിലെത്തും. അത്തരത്തിൽ എടുത്ത തീരുമാനമാണ് ഒരു യുവാവിനെ കോടീശ്വരനാക്കിയിരിക്കുന്നത്.
സാധനം വാങ്ങാനായി ഒരു കടയിൽ എത്തിയ യുവാവ് എടുത്ത ടിക്കറ്റിന് മൂന്ന് മില്ല്യൺ ഡോളറാണ് (ഏകദേശം 25.24 കോടി) സമ്മാനമായി ലഭിച്ചിരിക്കുന്നത്. മിസോറി ലോട്ടറി അധികൃതർ പറയുന്നതനുസരിച്ച് യുവാവ് ഉച്ചഭക്ഷണം എടുത്തില്ലെന്ന് ഭാര്യ ഫോണിൽ വിളിച്ച് പറഞ്ഞപ്പോഴാണ് മനസിലാക്കിയത്. തിരികെ വീട്ടിൽ പോയി ലഞ്ച് ബോക്സ് എടുക്കണ്ടെന്ന് അയാൾ തീരുമാനിക്കുകയും അർനോൾഡിലെ 3900 വോഗൽ റോഡിലെ കടയിലിറങ്ങി ഭക്ഷണത്തിനായി എന്തെങ്കിലും വാങ്ങിക്കാമെന്ന തീരുമാനത്തിൽ എത്തുകയുമായിരുന്നു.
അവിടെ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് യുവാവിന് കോടികൾ സമ്മാനമായി ലഭിച്ചത്. മില്യണയർ ബക്സ് എന്ന സ്‌ക്രാച്ചേഴ്സ് ഗെയിമിന്റെ ടിക്കറ്റാണ് യുവാവ് വാങ്ങിയത്. താൻ സാധാരണയായി ഇത്തരത്തിലുളള ഗെയിമുകളിൽ പങ്കെടുക്കാറില്ലെന്നും ഇപ്പോൾ പങ്കെടുത്തപ്പോൾ സമ്മാനം കിട്ടിയെന്നും വിജയി പറഞ്ഞു.
'കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ പോകുന്നതിനിടയിൽ ടിക്കറ്റുകൾ സ്‌കാൻ ചെയ്ത് നോക്കിയപ്പോഴാണ് കോടികൾ സമ്മാനമായി ലഭിച്ചതെന്ന് മനസിലാക്കിയത്. വിജയിച്ചതിൽ അതിശയമായിരുന്നു. വിവരമറിഞ്ഞ ഉടനെ ഭാര്യയെ വിളിക്കുകയായിരുന്നു. ഞാൻ തമാശ പറയുകയാണെന്നാണ് ആദ്യം ഭാര്യ വിചാരിച്ചത്. പിന്നാലെ അവൾക്ക് കാര്യം മനസിലായി'- വിജയി മാദ്ധ്യമങ്ങളോട് പറഞ്ഞു.