army

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ സുരക്ഷാസേന പാക് തീവ്രവാദി നേതാവിനെ വധിച്ചത് ബിസ്‌കറ്റിന്റെ സഹായത്തോടെ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയിബ നേതാവ് ഉസ്‌മാനെയാണ് സിആർപിഎഫും പ്രാദേശിക പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ ഉന്മൂലനം ചെയ്തത്. ശ്രീനഗറിലെ കന്യാറിൽ ശനിയാഴ്‌ചയായിരുന്നു സിആർപിഎഫും തീവ്രവാദി നേതാവും തമ്മിൽ മണിക്കൂറുകൾ നീണ്ട പോരാട്ടം നടന്നത്.


പാകിസ്ഥാനിലെ ഭീകര പ്രവർത്തനങ്ങൾക്കുശേഷം 2016 -17 കാലഘട്ടത്തിലാണ് ഉസ്‌മാൻ ജമ്മുവിലെത്തിയത്. കഴിഞ്ഞവർഷം പൊലീസ് ഇൻസ്‌പെക്‌‌ടർ മസ്‌റൂർ വാനി കൊല്ലപ്പെട്ട സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായി സൈന്യം വ്യക്തമാക്കി. ഉസ്‌‌മാനെ വകവരുത്താനുള്ള പോരാട്ടത്തിൽ ബിസ്‌കറ്റിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് ഉന്നത സേനാ ഉദ്യോഗസ്ഥർ പറയുന്നു. പ്രദേശത്തെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളയാളാണ് ഉസ്‌മാൻ. ഇയാൾക്കെതിരായുള്ള ഓപ്പറേഷനിൽ പ്രധാന ആശങ്കകളിലൊന്ന് തെരുവ് നായ്ക്കളുടെ സാന്നിദ്ധ്യമായിരുന്നു. നായ്‌ക്കളുടെ കുര ഉസ്‌മാന് മുന്നറിയിപ്പ് നൽകുമെന്ന് സേന കണക്കുകൂട്ടി. അതിനാൽ തന്നെ ഒരുകെട്ട് ബിസ്‌കറ്റ് സേനാഗംങ്ങൾ കയ്യിൽ കരുതിയിരുന്നു.

പ്രദേശത്ത് ഉസ്‌മാൻ ഉള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഒൻപത് മണിക്കൂർ നീണ്ട ആസൂത്രണമാണ് സൈന്യം നടത്തിയത്. പ്രഭാത പ്രാർത്ഥനയ്ക്ക് മുൻപായി സേനയെ വിന്യസിച്ചു. എകെ 47, പിസ്റ്റൾ, ഗ്രനേഡുകൾ എന്നിവകൊണ്ടാണ് ഉസ്‌മാൻ സേനയ്ക്കുനേരെ പ്രത്യാക്രമണം നടത്തിയത്. ഏറെ നേരത്തെ വെടിവയ്പ്പിന് ശേഷമാണ് സുരക്ഷാസേന തീവ്രവാദി നേതാവിനെ വകവരുത്തിയത്.