kamala

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെയാണ്. അമേരിക്കൻ സമയം ചൊവ്വാഴ്‌ച രാത്രിയോടെയാകും രാജ്യത്തിന്റെ നാൽപ്പത്തിയേഴാമത് പ്രസിഡന്റ് ആരാണ് എന്നത് പുറത്തുവരിക. ഭരണകക്ഷിയായ ഡെമോക്രാറ്റുകൾക്ക് വേണ്ടി നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മത്സരിക്കുമ്പോൾ എതിരാളികളായ റിപബ്ളിക്കൻ പാർട്ടിക്ക് വേണ്ടി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൂന്നാം അങ്കത്തിനിറങ്ങുകയാണ്.

ആദ്യഘട്ടത്തിൽ ഡെമോക്രാറ്റുകൾക്ക് വേണ്ടി നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ തന്നെയായിരുന്നു പ്രസിഡന്റ് സ്ഥാനാർത്ഥി. എന്നാൽ നിർണായകമായ ഇലക്ഷൻ സംവാദങ്ങളിൽ പിന്നാക്കം പോയതോടെ ബൈഡന് പിന്മാറേണ്ടി വന്നു. ഇതോടെ കമലാ ഹാരിസ് ആയി സ്ഥാനാർത്ഥി. ജയിച്ചാൽ അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റായി മാറും കമലാ ഹാരിസ്.

vote

1872ൽ വിക്‌ടോറിയ വുഡ്ഹളാണ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വനിത. സ്‌ത്രീകൾക്ക് സമ്മതിദാനാവകാശത്തിന് വേണ്ടി പ്രയ‌്തനിക്കുന്ന സംഘടനയിലെ പ്രവർത്തക ആയിരുന്നു അവർ. പിന്നീട് 2016ൽ ഹിലരി ക്ളിന്റൺ ആണ് ഈ സ്ഥാനത്തേക്ക് മത്സരിച്ച രണ്ടാമത് വനിത. ഡെമോക്രാറ്റിക് പാർട്ടി അംഗമായ അവർ ഒരു പ്രധാന പാർട്ടിയ്‌ക്ക് വേണ്ടി മത്സരിക്കുന്ന ആദ്യ വനിതയും ആയി. മൂന്നാമതായാണ് ഇപ്പോൾ അമേരിക്കയുടെ വൈസ് പ്രസിഡന്റായ കമല മത്സരിക്കുന്നത്.

1789ലാണ് അമേരിക്കൻ ഐക്യനാടുകളിൽ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് ആകെ 50 സംസ്ഥാനങ്ങളാണ് അമേരിക്കയിലുള്ളത്. ഇവിടെ നിന്നെല്ലാം സജീവമായി വോട്ടെടുപ്പിൽ ജനം പങ്കെടുക്കാറുണ്ട്. എന്നാൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോൾ കേവലം 10 സംസ്ഥാനങ്ങളിൽ നിന്നും 69 ഇലക്‌ടറർമാരാണ് വോട്ട് ചെയ്‌തത്.

1788ലാണ് അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ശേഷം ഒരു വ‌ർഷത്തിനകം തന്നെ തിരഞ്ഞെടുപ്പ് നടന്നു.1788 സെപ്‌തംബർ 13ന് ഇലക്ഷൻ ഓർഡിനൻസ് പാസായി. 1789 ജനുവരി ഏഴിനകം പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഉത്തരവായി. 1789 ഫെബ്രുവരി നാലിന് അമേരിക്ക തങ്ങളുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട വോട്ടിംഗ് ദിനമായി പ്രഖ്യാപിച്ചു.

പല സംസ്ഥാനങ്ങളും അന്ന് നിലവിൽ വന്നിരുന്നെങ്കിലും അവ വിവിധ കാരണങ്ങളാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. നോർത്ത് കരോലിന, റോഡ് ഐലന്റ് എന്നീ സംസ്ഥാനങ്ങൾ അന്ന് അമേരിക്കൻ ഭരണഘടനയ്‌ക്ക് അംഗീകാരം നൽകാത്തതിനാൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായില്ല. ന്യൂയോർക്ക് ആകട്ടെ അവിടെ ഭരണാധികാരികൾ തമ്മിലെ പോര് മുറുകിയത് കാരണം ജനുവരി ഏഴിനകം ഇലക്‌ട്രറർമാരെ തിരഞ്ഞെടുത്തില്ല. ഇതോടെ അവർക്കും തിരഞ്ഞെടുപ്പിൽ ചേരാനായില്ല.

ഒടുവിൽ പറഞ്ഞ ദിവസത്തിനകം തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനായത് കണക്‌ടികട്ട്, ഡെൽവെയർ, ജോർജിയ, മേറിലാന്റ്, മസാച്യുസെറ്റ്സ്, ന്യൂഹാം‌ഷെയർ, ന്യൂജെഴ്‌സി, പെൻസിൽവാനിയ, സൗത്ത് കരോലിന, വിർജീനിയ എന്നീ നാടുകൾക്കാണ്.

washington

ജോർജ് വാഷിംഗ്‌ടൺ, ജോൺ ആഡംസ്, ജോൺ ഹാൻകോക്ക്, ജോൺ മിൽട്ടൺ, ജോർജ് ക്ളിന്റൺ എന്നിവരായിരുന്നു മത്സരാർത്ഥികളിൽ മുന്നിൽ. ഓരോ ഇലക്‌ട്രറർമാർക്കും രണ്ട് വോട്ട് ചെയ്യാം. ഒന്ന് പ്രസിഡന്റിന്, മറ്റൊന്ന് വൈസ് പ്രസിഡന്റിന്. അതായത് ഏറ്റവുമധികം വോട്ട് കിട്ടുന്നയാൾ പ്രസിഡന്റും രണ്ടാമത്തെയാൾ വൈസ് പ്രസിഡന്റുമാകും എന്നതായിരുന്നു നിയമം.

വോട്ട് രേഖപ്പെടുത്തിയ ശേഷം അവയെല്ലാം യുഎസ് കോൺഗ്രസിന് അയച്ചുകൊടുക്കും. അവിടെ സെനറ്റർമാരുടെയും മറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ വോട്ടെണ്ണി വിജയിയെ തിരഞ്ഞെടുക്കും ഇതായിരുന്നു നടപടി.

അമേരിക്കയുടെ കോണ്ടിനെന്റൽ സേനയുടെ കമാൻഡർ ഇൻ ചീഫായ ജോർജ് വാഷിംഗ്‌ടൺ ആയിരുന്നു മത്സരാ‌ർത്ഥികളിൽ മുന്നിൽ. ജനസമ്മതിയിൽ മുന്നിലായിരുന്നെങ്കിലും വാഷിം‌ഗ്ടൺ സ്വയം തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചില്ല. എന്തിന് പറയുന്നു വോട്ട് തേടുകയോ പ്രസംഗിക്കുകയോ പോലും ചെയ്‌തില്ല. മാർച്ച് നാലിന് ഫലം പ്രഖ്യാപിക്കും എന്ന് പറഞ്ഞെങ്കിലും അന്ന് മതിയായത്ര അംഗബലമില്ലാത്തതിനാൽ വോട്ടെണ്ണൽ ആറിലേക്ക് മാറ്റി.

ഫലം വന്നപ്പോൾ 69 വോട്ടുകളും നേടി ജോർജ് വാഷിംഗ്‌‌ടൺ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. 34 വോട്ട് നേടി ജോൺ ആഡംസ് വൈസ് പ്രസിഡന്റായി. 1789 ഏപ്രിൽ 30ന് ബൈബിൾ തൊട്ട് സത്യംചെയ്‌ത് അദ്ദേഹം അമേരിക്കയുടെ ആദ്യ പ്രസിഡന്റായി.

പിന്നീട് രണ്ടാമത് ഒരു ടേം കൂടി ജനങ്ങൾ വാഷിംഗ്‌ടണെ പ്രസിഡന്റായി വിജയിപ്പിച്ചു. ഇത്തവണയും ജോൺ ആഡംസ് ആയിരുന്നു വൈസ് പ്രസിഡന്റ്. മൂന്നാം തവണയും അദ്ദേഹം തന്നെ പ്രസിഡന്റാകുന്നതിന് ജനഹിതം അനുകൂലമായിരുന്നു എന്നാൽ അതിന് നിൽക്കാതെ മറ്റുള്ളവർക്കായി മാറിക്കൊടുക്കുകയാണ് അദ്ദേഹം ചെയ്ഡതത്. തുടർന്ന് ജോൺ ആഡംസ് അമേരിക്കയുടെ പ്രസിഡന്റായി.