election

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം. ഈ മാസം 20ലേക്കാണ് ഉപതിരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഈ മാസം 13നാണ് തിരഞ്ഞെടുപ്പ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. 23ന് വോട്ടെണ്ണലും നിശ്ചയിച്ചിരുന്നു. വയനാട്ടിലെയും ചേലക്കരയിലെയും തീയതിയിൽ മാറ്റമുണ്ടാകുമോയെന്നതിൽ ഔദ്യോഗിക അറിയിപ്പ് എത്തിയിട്ടില്ല.

ഉത്സവത്തിന്റെ പ്രാധാന്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കൽപ്പാത്തി തേര് നടക്കുന്ന ദിവസമായതിനാൽ നേതൃത്വവുമായി ആലോചിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്ന് നേരത്തെ ഷാഫി പറമ്പിൽ എം പി പറഞ്ഞിരുന്നു. തേര് ദിവസം വോട്ടെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കും. രണ്ടോ മൂന്നോ ദിവസം വോട്ടെടുപ്പ് മാറിയാലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും ഷാഫി കൂട്ടിച്ചേർത്തിരുന്നു.

പാലക്കാട്ട് രണ്ടാംഘട്ട പ്രചരണത്തിന് മുന്നണികൾ തുടക്കം കുറിച്ചിരിക്കെയാണ് തീയതിയിൽ മാറ്റം അറിയിച്ചിരിക്കുന്നത്. മൂന്ന് മുന്നണികൾക്കും പാലക്കാട് അഭിമാന പോരാട്ടമാണ്. രാഹുൽ മാങ്കൂട്ടത്തിലിലൂടെ സീറ്റ് നിലനിറുത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. സി കൃഷ്‌ണകുമാറിലൂടെ സീറ്റ് പിടിക്കാൻ ബിജെപിയും കഴിഞ്ഞ രണ്ടുതവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ പഴി കഴുകിക്കളയാൻ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ പി സരിനെ മുൻനിർത്തി എൽഡിഎഫും കളത്തിലിറങ്ങുമ്പോൾ പോരാട്ടത്തിന് ചൂടേറും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനവും വന്നിരുന്നു. അന്നു രാത്രി തന്നെ യുഡിഎഫ് ചുവരെഴുത്തും തുടങ്ങി. ഇതിന് പിന്നാലെ എൽഡിഎഫും അല്പം വൈകിയെങ്കിലും എൻഡിഎ സ്ഥാനാർത്ഥിയുടെയും പ്രഖ്യാപനം വന്നതോടെ നഗരത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും നിറഞ്ഞിരിക്കുകയാണ്.