election-commission-of-in

മുംബയ്: നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ മഹാരാഷ്ട്രയിലെ പൊലീസ് മേധാവി രശ്മി ശുൽക്കയെ നീക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പരാതിയെത്തുടർന്നാണ് നടപടി. ഡി.ജി.പിയുടെ ചുമതലകൾ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് നൽകാനും കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുൻപ് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരുകൾ നൽകണം.

തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ നിഷ്പക്ഷവും നീതിയുക്തവുമായ നിലപാടുകൾ കൈക്കൊള്ളണമെന്നും ചുമതലകൾ നിർവഹിക്കുമ്പോൾ പക്ഷപാതരഹിതമാണെന്ന് ഉറപ്പാക്കണമെന്നും ചീഫ് ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ നേരത്തെ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ശരിയായ നടപടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചതെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ പ്രതികരിച്ചു. ഇന്നലെയായിരുന്നു സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ടിയിരുന്ന അവസാന തീയതി.

നേരത്തെ ജാർഖണ്ഡ് ഡി.ജി.പിയായിരുന്ന അനുരാഗ് ഗുപ്തയെ നീക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടിരുന്നു. തുടർന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ അജയ് കുമാർ സിംഗിനെ ഡി.ജി.പിയായി നിയമിച്ചു. സംസ്ഥാന സർക്കാർ നൽകിയ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പാനലിൽ നിന്നാണ് സിംഗിനെ തിരഞ്ഞെടുത്തത്. ജാർഖണ്ഡ് കേഡറിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള ജാർഖണ്ഡ് സർക്കാരിന്റെ നിർദ്ദേശവും കമ്മിഷൻ അംഗീകരിച്ചിരുന്നു.