rohit-sharma

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ല. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെതിരായ തോല്‍വിക്ക് ശേഷം മാദ്ധ്യമങ്ങളെ കാണുമ്പോള്‍ തനിക്ക് ആദ്യ ടെസ്റ്റ് കളിക്കാന്‍ സാധിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് രോഹിത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. വ്യക്തിപരമായ ചില കാരണങ്ങളാല്‍ താരം പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.

രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക ഗര്‍ഭിണിയാണെന്നും രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇരുവരുമെന്നുമാണ് ഇത് സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രസവ സമയത്ത് ഭാര്യക്കും കുടുംബത്തിനും ഒപ്പം ചിലവഴിക്കുന്നതിന് വേണ്ടിയാണ് താരം ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാമത്തെ കുഞ്ഞിനെ സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ രോഹിത്തോ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോട പ്രതികരിച്ചിട്ടില്ല.

ഓസ്‌ട്രേലിയയിലേക്ക് ആദ്യ മത്സരത്തിന് മുമ്പേ എത്താന്‍ പറ്റുമോയെന്ന കാര്യത്തില്‍ പ്രാര്‍ത്ഥനയോടൊണ് താനെന്ന് മാത്രമാണ് രോഹിത് പറഞ്ഞത്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയില്‍ എത്തിയപ്പോള്‍ മുന്‍ നായകന്‍ വിരാട് കൊഹ്ലിയും സമാനമായ രീതിയില്‍ അവധിയെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് കൊഹ്ലി പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 22ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഉപനായകന്‍ ജസ്പ്രീത് ബുംറയായിരിക്കും ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. രോഹിത്തിന് പകരം അഭിമന്യു ഇൗശ്വരന്‍ ഓപ്പണറായി എത്തിയേക്കും. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബറില്‍ ആരംഭിക്കുന്ന പരമ്പര ജനുവരി ആദ്യ വാരം വരെ നീണ്ടുനില്‍ക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത ലഭിക്കാന്‍ ഈ പരമ്പര മികച്ച രീതിയില്‍ വിജയിക്കേണ്ടതുണ്ട്.