guru-samuchayam

കൊല്ലത്ത് കലാ സാഹിത്യ, സാംസ്ക്കാരിക പരിപാടികളാൽ സമ്പന്നമാക്കാൻ ലക്ഷ്യമിട്ട് 56 കോടി രൂപ മുടക്കി ശ്രീനാരായണ ഗുരുവിന്റെ പേരിൽ നിർമ്മിച്ച സാംസ്ക്കാരിക സമുച്ചയം ഗുരുനിന്ദയുടെ വിളനിലമായി മാറുന്നുവെന്ന പരാതി ഉയരുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവർഷമായിട്ടും കാര്യമായ സാംസ്ക്കാരിക പരിപാടികൾക്കൊന്നും വേദിയാകാൻ ഈ സമുച്ചയത്തിനു കഴിഞ്ഞില്ലെന്ന് മാത്രമല്ല, പൂമുഖത്ത് സ്ഥാപിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയ ശ്രീനാരായണ ഗുരുവിന്റെ വെങ്കലപ്രതിമയെക്കുറിച്ച് ഇപ്പോൾ മിണ്ടാട്ടം തന്നെ നിലച്ചു. താങ്ങാനാകാത്ത വാടക നിശ്ചയിച്ചതിനാൽ കലാസാംസ്ക്കാരിക സംഘടനകൾക്ക് ഇവിടേക്ക് എത്തിനോക്കാൻ പോലും കഴിയാതായതോടെ ആളൊഴിഞ്ഞ സാംസ്ക്കാരിക നിലയമായി മാറി. ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് നിർമ്മിച്ച സമുച്ചയം കൊട്ടും കുരവയുടെയും അകമ്പടിയിൽ 2023 മേയ് 4 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്. ഗുരുവിന്റെ പേരിലുള്ള സാംസ്ക്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടന ദിനത്തിൽ തന്നെ ഗുരുനിന്ദയുടെ അലയൊലികൾ ഉയർന്നിരുന്നു. സമുച്ചയത്തിനു മുന്നിൽ ഗുരുവിന്റേതെന്ന് പറഞ്ഞ് സ്ഥാപിച്ച ഗുരുദേവ പ്രതിമയ്ക്ക് ഗുരുവുമായി വിദൂരസാമ്യം പോലുമില്ലെന്ന വ്യാപക വിമർശനം ഉയർന്നതോടെ പ്രതിഷേധവും വിവാദവുമായി തുടക്കത്തിലേ കല്ലുകടിയായി. ഗുരുവുമായി ഒരു സാമ്യവുമില്ലാത്ത പ്രതിമ കണ്ട് എസ്.എൻ.ഡി.പി യോഗം നേതാക്കളുടെയും ചടങ്ങിനെത്തിയവരുടെയും വ്യാപക പ്രതിഷേധത്തിനൊടുവിൽ അന്നുതന്നെ പ്രതിമ അവിടെ നിന്ന് നീക്കി. ഉദ്ഘാടന ചടങ്ങിനെത്തിയ സാംസ്ക്കാരിക മന്ത്രി സജിചെറിയാൻ ഇടപെട്ട് അവിടെ ഗുരുവിന്റെ വെങ്കലപ്രതിമ സ്ഥാപിക്കുമെന്ന് ഉറപ്പു നൽകി മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടിയൊന്നും ഉണ്ടായില്ല. പ്രതിമ നിർമ്മാണത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചതായി പറഞ്ഞതല്ലാതെ പിന്നീട് യാതൊരു നടപടിയുമില്ല.

നടത്തിപ്പ്

ചുമതല ഊരാളുങ്കലിന് ?

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിലെ 11 ജില്ലകളിൽ സാംസ്ക്കാരിക നായകരുടെ പേരിൽ ഓരോ സാംസ്ക്കാരിക സമുച്ചയം ആരംഭിക്കുമെന്ന് അന്നത്തെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ്. ഇതിന്റെ ഭാഗമായാണ് കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരിൽ സാംസ്ക്കാരികസമുച്ചയം സ്ഥാപിച്ചത്. സർക്കാർ സ്ഥാപനങ്ങൾ സർക്കാർ തന്നെ നടത്തുന്ന കീഴ്‌വഴക്കം ലംഘിച്ച് ശ്രീനാരായണ ഗുരു സാംസ്ക്കാരിക സമുച്ചയത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിക്കാനുള്ള നീക്കം വിവാദമാകുകയാണ്. ഊരാളുങ്കൽ സൊസൈറ്റിയെപ്പോലെ പരിചയസമ്പന്നരായ സ്ഥാപനത്തിന് നടത്തിപ്പ് ചുമതല കൈമാറാമെന്ന സാംസ്ക്കാരിക വകുപ്പ് ഡയറക്ടറുടെ ശുപാർശ കണക്കിലെടുത്താണ് ഈ നീക്കം. സാംസ്ക്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനം സർക്കാർ നേരിട്ടോ സാംസ്ക്കാരിക പ്രവർത്തകരുടെ കമ്മിറ്റി മുഖേനെയോ കൈകാര്യം ചെയ്യേണ്ടതിനു പകരം നിർമ്മാണ സ്ഥാപനമായ സ്വകാര്യ സൊസൈറ്റിക്ക് നടത്തിപ്പ് അവകാശം കൈമാറാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. ഇതുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം പോലും ക്ഷണിക്കാതെ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാനുള്ള നീക്കം വെറും കച്ചവട താത്പര്യം മുൻനിറുത്തി മാത്രമാണെന്നതിൽ സംശയമില്ല. സ്ഥാപനത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് കൈമാറിയാൽ ഗുരുവിനോ ഗുരുദർശനങ്ങൾക്കോ എന്ത് പ്രയോജനം ലഭിക്കുമെന്ന ചോദ്യവും ഉയരുകയാണ്.

താങ്ങാനാകാത്ത

വാടക

കലാ സാംസ്ക്കാരിക സംഘടനകൾക്ക് പരിപാടികൾ നടത്താൻ താങ്ങാനാകാത്ത വാടക നിശ്ചയിച്ചതിനെ തുടർന്ന് ഭീമമായ വാടക നൽകി ഇവിടെ പരിപാടികൾ സംഘടിപ്പിക്കാൻ ആർക്കും കഴിയാതായി. 56 കോടി മുടക്കിയ വിശാലമായ കെട്ടിട സമുച്ചയമാണെങ്കിലും കൂടുതൽ പേർക്ക് ഇരിക്കാവുന്ന വലിയൊരു ആഡിറ്റോറിയം ഇല്ലെന്നതാണ് പ്രധാന പോരായ്മ. 240 പേർക്കിരിക്കാൻ കഴിയുന്ന ശീതീകരിച്ച സെമിനാർ ഹാളിന് വാടക 40,000 രൂപയാണ്. 108 ഇരിപ്പിടം മാത്രമുള്ള മറ്റൊരു സെമിനാർ ഹാളിന്റെ വാടക 17,250 രൂപയാണ്. ചലച്ചിത്രം പ്രദർശിപ്പിക്കാവുന്ന എ.വി തിയേറ്ററിന് 8 മണിക്കൂർ വാടക 27,600 രൂപയാണ്. കൂടുതൽ ആവശ്യമുള്ള ഓരോ മണിക്കൂറിനും 1700 രൂപ വീതം അധികം നൽകണം. പകുതി ദിവസത്തേക്ക് വാടക 13,800 രൂപ. 203 സീറ്റാണ് എ.വി തിയേറ്ററിലുള്ളത്. ബ്ളാക്ക്ബോക്സ് തിയേറ്ററിന്റെ ദിവസ വാടക 10,000 രൂപ. ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ മാത്രമാണ് കൂടുതൽ ഇരിപ്പിടങ്ങൾ സജ്ജമാക്കാൻ കഴിയുന്നതെങ്കിലും ദിവസവാടക 15,000 രൂപയാണ്. അധികം ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 1500 രൂപ വീതം നൽകണം. വാടകകയ്ക്ക് പുറമെ 25,000 രൂപ ഡെപ്പോസിറ്റും നൽകണം. 600 സീറ്റുകൾ സജ്ജീകരിക്കാവുന്ന ഇവിടെ കാലാവസ്ഥ അനുകൂലമല്ലെങ്കിൽ പണി പാളും. ഭീമമായ വാടകയും ഡെപ്പോസിറ്റും നൽകി ഹാൾ, തിയേറ്റർ എന്നിവ വാടകയ്ക്കെടുക്കാൻ ശേഷിയുള്ള കലാ സാംസ്ക്കാരിക സംഘടനകൾ കൊല്ലത്തില്ല. സാംസ്ക്കാരിക കേന്ദ്രം നിലവിൽ വന്നപ്പോൾ കുറഞ്ഞ വാടക നിരക്കിൽ ലഭിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. ഉദ്ഘാടനം ചെയ്ത് ഇത്രയും കാലമായിട്ടും 50 ലക്ഷം രൂപയാണ് സാംസ്ക്കാരിക കേന്ദ്രത്തിന് ഇതുവരെ വാടകയായി ലഭിച്ചതെന്നാണ് അധികൃതർ പറയുന്നത്. വാണിജ്യമേളകളടക്കം ലാഭകരമായി നടത്തുന്ന പരിപാടികൾക്ക് നൽകിയതുവഴി ലഭിച്ച വാടകയാണിത്.

അനാഥപ്രേതം

പോലെയാകും: വെള്ളാപ്പള്ളി

ഗുരുവിന്റെ പേരിൽ ആരംഭിച്ച സ്ഥാപന നടത്തിപ്പ് സ്വകാര്യസ്ഥാപനത്തിന് കൈമാറാനുള്ള നീക്കത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. സമുച്ചയത്തിനു മുന്നിൽ ഗുരുവിന്റെ വെങ്കലപ്രതിമ സ്ഥാപിക്കുമെന്ന് സാംസ്ക്കാരികമന്ത്രി സജി ചെയറിയാൻ ഉദ്ഘാടന വേളയിൽ ഉറപ്പു നൽകിയതാണ്. അത് ഇതുവരെ പാലിച്ചില്ലെന്ന് മാത്രമല്ല, ഇനി സ്ഥാപിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. ഇക്കണക്കിനു പോയാൽ ഗുരുവിന്റെ പേരിലുള്ള സ്ഥാപനം അനാഥപ്രേതം പോലെയാകും. ഇത് ഗുരുവിനോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു സാംസ്ക്കാരിക സമുച്ചയ നടത്തിപ്പ് ഊരാളുങ്കലിന് നൽകാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് കൊല്ലം എസ്.എൻ.ഡി.പി യൂണിയനും പ്രതികരിച്ചു. ഉദ്ഘാടനം ചെയ്ത് ഒന്നരവർഷമായിട്ടും ഗുരുവിന്റെ വെങ്കല പ്രതിമ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഗുരുവിന്റെ പേരിലുള്ള സാംസ്ക്കാരിക കേന്ദ്രത്തെ വെറും കച്ചവടസ്ഥാപനമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു.

വിവാദം

തുടർക്കഥ
ശ്രീനാരായണ ഗുരുവിന്റെ പേരിൽ സ്ഥാപിച്ച സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗുരുദേവ ഭക്തരുടെ മനസുകളിൽ വേദനയായി മാറുന്നത് ഇതാദ്യമല്ല. ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞുകിടന്ന സാംസ്ക്കാരിക കേന്ദ്രത്തിന്റെ നടത്തിപ്പിനായി താത്ക്കാലിക സമിതിയെയും ഗുരുദേവ പ്രതിമ സ്ഥാപിക്കാനുള്ള മേൽനോട്ട സമിതിയെയും നിയോഗിച്ച് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ നിന്നും ഗുരു പുറത്തായെന്നതും വിവാദമായതാണ്. കവാടത്തിൽ 'ശ്രീനാരായണ ഗുരു സാംസ്ക്കാരിക സമുച്ചയം' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും സാംസ്ക്കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ 'കൊല്ലം സാംസ്ക്കാരിക സമുച്ചയം' എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. സമുച്ചയത്തിന്റെ പേരിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കിയതിനെതിരെ കൊല്ലത്തെ എസ്.എൻ.ഡി.പി യോഗ നേതൃത്വം അന്നും പ്രതിഷേധിച്ചിരുന്നു. മുമ്പ് ഗുരുവിന്റെ പേരിൽ കൊല്ലത്ത് സ്ഥാപിച്ച ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയെച്ചൊല്ലിയും വിവാദങ്ങൾ ഉയർന്നിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പേരിൽ സ്ഥാപിക്കുന്ന സ്ഥാപനങ്ങളിൽ ഗുരുവിന്റെ പേരുണ്ടെന്നതൊഴിച്ചാൽ അതിന്റെയൊക്കെ ഗുണഭോക്താക്കൾ മറ്റു ചില വിഭാഗങ്ങളാണെന്നതിന്റെ സംസാരിക്കുന്ന ചിത്രങ്ങളാണിതൊക്കെ. ശ്രീനാരായണ ഗുരുവിന്റെ പേര് നൽകിയ സാംസ്ക്കാരിക കേന്ദ്രത്തെ ഇങ്ങനെ അവഹേളിക്കുന്നതിൽ നിന്ന് അധികൃതർ പിന്മാറണമെന്നാണ് ഗുരുവിനെ ആദരിക്കുന്നവരുടെയും ബഹുമാനിക്കുന്നവരുടെയും ആവശ്യം.