
അയോവയിൽ കമലയ്ക്ക് മുൻതൂക്കം
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവാസന നിമിഷത്തിലും ട്രെൻഡുകൾ മാറിമറിഞ്ഞു. ഇന്നലെ, അവസാന അഭിപ്രായ സർവേയിൽ ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനാണ് മേൽകൈ. അതേസമയം, റിപ്പബ്ലിക്കൻ പർട്ടിക്ക് മേൽകൈയുള്ള അയോവയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനാണ് മുൻതൂക്കം.
നോർത്ത് കരോലിന, ജോർജിയ, അരിസോണ, നെവാഡ, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ എന്നിവിടങ്ങളിളാണ് ട്രംപ് വിജയിക്കുമെന്ന് സർവേ പറയുന്നത്. ഈ സംസ്ഥാനങ്ങളിൽ 5 - 6 ശതമാനം വരെയാണ് കമല ഹാരിസിനെക്കാൾ ട്രംപിന് മുൻതൂക്കം.
2016ലും 2020ലും ട്രംപിനൊപ്പം നിന്ന സംസ്ഥാനമാണ് അയോവ. അവിടെ സ്ത്രീകളും നിഷ്പക്ഷ വോട്ടർമാരുമാണ് കമലാ പക്ഷത്തേക്കു തിരിഞ്ഞത്. ട്രംപിന് 44 ശതമാനവും കമലയ്ക്ക് 47 ശതമാനവുമാണ് പിന്തുണ. സർവേയിലെ കണ്ടെത്തലിന് അടിസ്ഥാനമില്ലെന്ന് ട്രംപ് പറഞ്ഞു. അയോവ 2008ലും 2012ലും ബറാക് ഒബാമയെ പിന്തുണച്ച സംസ്ഥാനമാണ്.
ഗാസ യുദ്ധം
അവസാനിപ്പിക്കും: കമല
യു.എസ് പ്രസിഡന്റായാൽ ഗാസ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കമല ഹാരിസ് പറഞ്ഞു. മിഷിഗണിൽ അവസാന റാലികളിലൊന്നിലാണ് കമലയുടെ ഉറപ്പ്. അതിനിടെ, ട്രംപ് ജോർജിയയിൽ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനറാലിയിൽ നൃത്തം ചെയ്തു. 1978ൽ വില്ലേജ് പീപ്പിൾ തരംഗമാക്കിയ നൃത്തത്തിനാണ് ട്രംപ് ചുവട് വച്ചത്.
മൂന്ന് തരം സ്റ്റേറ്റുകൾ
റെഡ് സ്റ്റേറ്റ്സ്, ബ്ലൂ സ്റ്റേറ്റുകൾ, സ്വിംഗ് സ്റ്റേറ്റ്സ്. 1980 മുതൽ റിപ്പബ്ലിക്കൻമാർ തുടർച്ചയായി വിജയിച്ച സംസ്ഥാനങ്ങളാണ് റെഡ് സ്റ്റേറ്റ്സ്, അതേസമയം,1992 മുതൽ ഡെമോക്രാറ്റുകൾ ആധിപത്യം പുലർത്തുന്ന ബ്ലൂ സ്റ്റേറ്റുകളാണ്.
ഈ സംസ്ഥാനങ്ങൾ അവയുടെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ പ്രവചനാതീതമായി കണക്കാക്കപ്പെടുന്നു. സ്വിംഗ് സംസ്ഥാനങ്ങളിൽ, റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും തമ്മിലുള്ള പോരാട്ടം പലപ്പോഴും വളരെ അടുത്താണ്, വിജയികൾ ചെറിയ വ്യത്യാസത്തിൽ വിജയിക്കുന്നു. ഉദാഹരണത്തിന്, 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ജോ ബൈഡൻ അരിസോണയിൽ വെറും 10,000 വോട്ടുകൾക്ക് വിജയിച്ചു.
ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ നില
(സർവേ ഫലം)
അരിസോണ: ട്രംപ് 52.3%, കമല 45.8%
നെവാഡ: ട്രംപ് 51.2%, കമല 46 %
നോർത്ത് കരോലിന: ട്രംപ് 50.5%, കമല 47.1 %
ജോർജിയ: ട്രംപ് 50.1%, കമല 47.6%
മിഷിഗൺ: ട്രംപ് 49.7%, കമല 48.2%
പെൻസിൽവാനിയ: ട്രംപ് 49.6%, കമല 47.8%
വിസ്കോൺസിൻ: ട്രംപ് 49.7% കമല 48.6 %