railway

തിരുവനന്തപുരം: 1.31 കോടി യാത്രക്കാരും 281 കോടി രൂപയുടെ വരുമാനവുമാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് മാത്രം ഇന്ത്യന്‍ റെയില്‍വേക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. സംസ്ഥാനത്ത് മറ്റേതൊരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്നതിലും കൂടുതല്‍ വരുമാനം ലഭിച്ചിട്ടും തിരുവനന്തപുരത്തെ വികസന പദ്ധതികളോട് അനുഭാവപൂര്‍വമായ നിലപാടല്ല റെയില്‍വേക്ക്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനുള്ള മാസ്റ്റര്‍പ്ലാനും വെട്ടിച്ചുരുക്കിയിരിക്കുകയാണിപ്പോള്‍.

നേരത്തെ തിരുവനന്തപുരം സൗത്ത് (നേമം) റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ പ്ലാനിലും വെട്ടിച്ചുരുക്കല്‍ ഉണ്ടായിരുന്നു. സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമുകള്‍ക്കു മുകളില്‍ തൂണുകളില്‍ നിര്‍മിക്കുന്ന വിശ്രമകേന്ദ്രമായ എയര്‍ കോണ്‍കോഴ്‌സിന്റെ വീതികുറയ്ക്കാനാണ് ഒടുവിലത്തെ നീക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ 72 മീറ്റര്‍ വീതിയാണ് എയര്‍ കോണ്‍കോഴ്‌സിനു ഡിപിആറില്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇത് 36 മീറ്ററായി കുറയ്ക്കാനാണു പുതിയ നിര്‍ദേശം.

എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ കോണ്‍കോഴ്‌സിന്റെ വിസ്തൃതി 4176 സ്‌ക്വയര്‍ മീറ്ററാണ്. കൊല്ലത്ത് 4200, കോഴിക്കോട് 5280 എന്നിങ്ങനെയാണ് വിസ്തീര്‍ണമെങ്കില്‍ തിരുവനന്തപുരത്ത് ഇത് വെറും 1700 സ്‌ക്വയര്‍മീറ്റര്‍ മാത്രമാണ്. ഇപ്പോള്‍ തന്നെ സംസ്ഥാനത്ത് ഏറ്റവും അധികം തിരക്കുള്ള സ്‌റ്റേഷനില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന തിരക്ക് കൂടി കണക്കിലെടുത്താണ് 72 മീറ്ററില്‍ കോണ്‍കോഴ്‌സ് പണിയാന്‍ നിര്‍ദേശിച്ചത്. 650 കാറുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനവും ഒഴിവാക്കിയിട്ടുണ്ട്.