
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പുതിയ പാർട്ടി തുടങ്ങുന്നവർ ഡി.എം.കെയുടെ തകർച്ചയാണ് ആഗ്രഹിക്കുന്നതെന്നും പാർട്ടിയുടെ വളർച്ച ഇഷ്ടപ്പെടുന്നിലെന്നും സ്റ്റാലിൻ പറഞ്ഞു. എന്നാൽ വിജയിയുടെ പേര് പരാമർശിക്കാതെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം. വിമർശിക്കുന്നവർ സർക്കാരിന്റെ നേട്ടങ്ങൾ കാണുന്നില്ലെന്നും നാല് വർഷം സർക്കാർ എന്ത് ചെയ്തു എന്നത് അവർ പരിശോധക്കണം എന്നും കൂട്ടിച്ചേർത്തു. വിമർശനങ്ങളിൽ ആശങ്കയില്ലെന്നും ജനങ്ങൾക്ക് നല്ലകാര്യം ചെയ്താണ് തങ്ങളുടെ യാത്രയെന്നും സ്റ്റാലിൻ വ്യക്തമാക്കി. വിമർശിക്കുന്നവർ ദീർഘായുസോടെ ഇരിക്കട്ടെ എന്ന് മാത്രമേ തനിക്ക് പറയാനുള്ളൂ എന്നും സ്റ്റാലിൻ പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബർ 27 ന് നടന്ന തമിഴ് വെട്രി കഴകത്തിന്റെ ആദ്യ പൊതുയോഗത്തിൽ ബി.ജെ.പിയേയും ഡി.എം.കെയെയും വിജയ് കടന്നാക്രമിച്ചിരുന്നു. ശേഷം ചേർന്ന പാർട്ടി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലും വിജയ് വിമർശനം ആവർത്തിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പകരം അധികാരത്തിലിരിക്കുന്ന ചിലരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഡി.എം.കെ ഭരിക്കുന്നതെന്നായിരുന്നു വിമർശനം.