bjp

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്കെന്ന് സൂചന. സിപിഎമ്മിലേക്ക് പോകുമോയെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് സന്ദീപ് പ്രതികരിച്ചത്. സന്ദീപ് വാര്യരെ അനുനയിപ്പിക്കാനായി ബിജെപി നേതാവ് പി.ആര്‍ ശിവശങ്കരനും ആര്‍എസ്എസ് നേതാവ് ജയകുമാറും നേരിട്ട് വീട്ടിലെത്തിയിരുന്നു. ജയകുമാര്‍ ഗുരുതുല്യനാണെന്നും മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നുപറഞ്ഞുവെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

തന്റെ മനസ്സില്‍ ഇപ്പോഴുള്ളത് ശൂന്യതയാണെന്നും മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപമാനിക്കപ്പെട്ടുവെന്നും സി കൃഷ്ണകുമാര്‍ തന്നെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ച വ്യക്തിയാണെന്നും നേരത്തെ സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. അതേസമയം സിപിഎം നേതാക്കളായ എ.കെ ബാലന്‍, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവര്‍ തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കാര്യങ്ങള്‍ സംസാരിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറായിരുന്നുവെങ്കില്‍ കുറച്ച്കൂടി സന്തോഷമാകുമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല. ഈ നിമിഷവും ബിജെപി പ്രവര്‍ത്തകന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ നടപടി നേരിടാനും മാത്രം വലിയ നേതാവാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അത്തരമൊരു നടപടി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമോയെന്ന് ആശങ്കപ്പെടുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല.

ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെയും സംസ്ഥാന നേതൃത്വത്തെയും വിമര്‍ശിച്ച സന്ദീപിന്റെ നടപടി കടുത്ത അച്ചടക്കലംഘനമായി പാര്‍ട്ടി കാണുന്നതിനിടെയാണ് ബിജെപി - ആര്‍എസ്എസ് നേതാക്കള്‍ സന്ദീപിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. സന്ദീപ് വാര്യര്‍ ബിജെപി വിട്ട് വന്നാല്‍ സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്നെല്ലാം എത്രയോപേരെ സ്വീകരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സന്ദീപ് പാര്‍ട്ടിക്കെതിരെ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ലെന്നും എകെ ബാലന്‍ വ്യക്തമാക്കിയിരുന്നു.

സമവായമല്ല പരിഹാരമായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന്റെ സമയം കഴിഞ്ഞുവെന്നും സന്ദീപ് വാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും തുറന്ന്പറഞ്ഞിരുന്നു. ബിജെപി നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിനും പിന്നാലെയായിരുന്നു മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെ വിമര്‍ശനം.