അഹമ്മദാബാദ്: കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ആംറേലി ജില്ലയിലെ റന്തിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്. രണ്ട് വയസിനും ഏഴ് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയായ സോബിയ മച്ചാറിന്റെ മക്കളായ സുനിത (7), സാവിത്രി (4), വിഷ്ണു (5), കാർത്തിക് (2) എന്നിവരാണ് മരിച്ചത്. ഇയാൾക്ക് ഏഴ് മക്കളാണുള്ളത്. കുട്ടികൾ കളിക്കുന്നതിനിടെ ഫാം ഉടമയുടെ കാറിനുള്ളിൽ കയറുകയായിരുന്നു. എന്നാൽ, കളിക്കിടെ കാർ ലോക്കാവുകയും നാല് കുട്ടികൾ ഉള്ളിൽ കുടുങ്ങുകയും ചെയ്തു. സന്ധ്യയോടെ രക്ഷിതാക്കൾ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടികൾ കാറിനുള്ളിൽ ബോധരഹിതരായി കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിക്കുകയായിരുന്നു. സംഭവത്തിൽ അംറേലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.