collector-home

രണ്ടുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും

ജവഹര്‍നഗറിലെ വീടും ക്യാമ്പ് ഓഫീസും ഇവിടേക്ക് മാറും

നിര്‍മ്മാണച്ചുമതല എച്ച്.എല്‍.എല്ലിന്

നിര്‍മ്മാണം തുടങ്ങിയത് - 2023ല്‍


തിരുവനന്തപുരം: ജില്ലാ കളക്ടര്‍ക്ക് ആഡംബര വീടൊരുങ്ങുന്നു.കവടിയാര്‍ കൊട്ടാരത്തിന് സമീപത്തെ റവന്യൂവകുപ്പിന്റെ 50 സെന്റ് സ്ഥലത്താണ് നിര്‍മ്മാണം. കവടിയാര്‍ അമ്പലമുക്ക് റോഡില്‍ കവടിയാര്‍ പാലസ് ആശുപത്രിയോട് ചേര്‍ന്നാണ് വിശാലമായ വീടൊരുങ്ങുന്നത്. ആറായിരത്തിലധികം സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് കോടിയോളം രൂപ ചെലഴിച്ചാണ് നിര്‍മ്മാണമെന്നാണ് വിവരം. കവടിയാറും പരിസരവും പൈതൃക മേഖലയായതിനാല്‍ (ഹെറിട്ടേജ് സോണ്‍) നിയന്ത്രണങ്ങള്‍ പാലിച്ച് രണ്ടുനിലയാണ് നിര്‍മ്മിക്കുന്നത്.വീടിനുള്ളിലെ സ്റ്റെയര്‍ ഉള്‍പ്പെടെ തടിയിലാണ് പണിതിരിക്കുന്നത്.

കൊട്ടാരങ്ങള്‍ക്ക് സമാനമായി നിരവധി ജനാലകളും വാതിലുകളും ക്രമീകരിച്ചിരിക്കുന്നത് വീടിന്റെ മുഖ്യാകര്‍ഷണമാണ്.

പുറമെ നിന്ന് നോക്കിയാല്‍ രണ്ട് വീടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം. വീടും ഇതിനോട് ചേര്‍ന്ന് വീടിന് സമാനമായ രീതിയില്‍ ക്യാമ്പ് ഓഫീസുമാണ് പണിതിരിക്കുന്നത്.രണ്ട് കെട്ടിടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയുമുണ്ട്.എച്ച്.എല്‍.എല്‍ പ്രോജക്ട്‌സിനാണ് നിര്‍മ്മാണച്ചുമതല.

തിരുമല ജയരാജാണ് കോണ്‍ട്രാക്ടര്‍.

വീടിന്റെ മുറ്റം ഇന്റര്‍ലോക്ക് പാകുന്ന ജോലികള്‍ ഉള്‍പ്പെടെ അവശേഷിക്കുകയാണ്.നിലവില്‍ കവടിയാര്‍ ജവഹര്‍ നഗറിലെ പഴയ ക്വാര്‍ട്ടേഴ്‌സാണ് കളക്ടറുടെ ഔദ്യോഗിക വസതി.ഇതിനോട് ചേര്‍ന്നാണ് ക്യാമ്പ് ഓഫീസും. പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ജഹര്‍നഗറിലെ ക്യാമ്പ് ഓഫീസ് ഇവിടേക്ക് മാറ്റും.


മിച്ച ഭൂമിയില്‍ വീടായി !

പേരൂര്‍ക്കട വില്ലേജില്‍ ഉള്‍പ്പെട്ടെ 7.2 എക്കര്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് മിച്ചഭൂമിയായി സര്‍ക്കാര്‍ തിരിച്ചെടുത്തിരുന്നു. ഇതിലെ 50 സെന്റ് സ്ഥലമാണ് കളക്ടര്‍ക്ക് ക്യാമ്പ് ഓഫീസ് കം റസിഡന്‍സ് നിര്‍മ്മിക്കുന്നതിന് 2021ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.ജെറോമിക് ജോര്‍ജ് കളക്ടറായിരിക്കെ 2022ല്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ജയതിലകാണ് നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്.