
കൽപ്പറ്റ: വയനാട് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. വയനാട് എസ് പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവത്തിൽ പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കും. ഇതിന്റെ ഭാഗമായി വകുപ്പുതല പ്രാഥമിക അന്വേഷണം തുടങ്ങി. പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ കമ്പളക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത് കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ഓട്ടോറിക്ഷ പുഴയ്ക്കരികിൽ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നി സിഎച്ച് റസ്‌ക്യൂ പ്രവർത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്.
മരിക്കുമെന്ന സൂചന രതിൻ നൽകിയിരുന്നതായും മരണകാരണം വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നതായും ബന്ധുക്കൾ പറഞ്ഞിരുന്നു. രതിൻ ഒരു പെൺകുട്ടിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. ശേഷം പോക്‌സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയതായാണ് ബന്ധുക്കൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയത്. എന്നാൽ രതിന്റേത് തെറ്റിദ്ധാരണ മാത്രമാണെന്നും കേസെടുത്തത് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണെന്നുമാണ് കമ്പളക്കാട് പൊലീസിന്റെ വാദം.
പോക്‌സോ കേസിൽപ്പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പുതല അന്വേഷണം നടക്കുക. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി. രണ്ട് അന്വേഷണത്തിനും എസ്‌പിയാണ് ഉത്തരവിട്ടിരിക്കുന്നത്. ബന്ധുക്കളുടെ പരാതി മാദ്ധ്യമങ്ങളിലൂടെയടക്കം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സ്വമേധയാ ആണ് അന്വേഷണമെന്ന് എസ് പി അറിയിച്ചു. രതിന്റെ ആത്മഹത്യയിൽ കമ്പളക്കാട് പൊലീസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.