indira

ആലപ്പുഴ: പവർ ലിഫ്റ്റിംഗിൽ ദേശീയ നിലവാരം പുലർത്തുന്ന താരമായതെങ്ങനെയെന്ന് ചോദിച്ചാൽ ഒരു ചെറുചിരിയാണ് ഇന്ദിരയുടെ മറുപടി. ശരീരഭാരം നിയന്ത്രിക്കാൻ ഫിറ്റ്നെസ് സെന്ററിൽ എത്തിയതാണ് നഴ്സിംഗ് അസിസ്റ്റന്റായ ഇന്ദിര. പരിശീലകരായ ജിമ്മിയുടെയും മഞ്ജുഷയുടെയും പ്രചോദനമാണ് പവർ ലിഫ്റ്റിംഗിൽ ഒരുകൈ നോക്കാൻ കാരണമായത്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും അതൊരു ആഗ്രഹമായി മാറുകയായിരുന്നു.

ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റാണ് നെയ്യാറ്റിൻകര പെരുംകടവിള 'തണൽ' വീട്ടിൽ എൽ.ഇന്ദിര (57). ജോലികഴിഞ്ഞാലുടൻ തിരുവമ്പാടിയിലെ കോർ ഫിറ്റ്നെസ് സെന്ററിലെത്തും. അതോടെ രൂപവും ഭാവം മാറും. ദേശീയ മത്സരങ്ങളിൽ എങ്ങനെ വിജയിക്കാമെന്നുമാത്രമാണ് പിന്നീടുള്ള ചിന്ത. സിവിൽ സർവീസ് വിഭാഗത്തിലെ വിവിധ മത്സരങ്ങളിലും പവർ ലിഫ്റ്റിംഗ് അസോസിയേഷന്റെ രണ്ട് ദേശീയ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.

എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ച് വഴി ഗ്രേഡ് രണ്ട് തസ്തികയിൽ ഏഴ് വർഷം മുമ്പാണ് ഇന്ദിര ജോലിക്കെത്തിയത്. അടുത്ത ദേശീയ മത്സരത്തിനായുള്ള പരിശീലനത്തിലാണിപ്പോൾ.

ഓട്ടോതന്നെ അഭയം

വിരമിക്കുമ്പോൾ ഒരു ഓട്ടോറിക്ഷ വാങ്ങി വരുമാനം കണ്ടെത്തണമെന്നാണ് ഇന്ദിര വിചാരിക്കുന്നത്. പങ്കാളിത്ത പെൻഷൻ മാത്രംകൊണ്ട് ജീവിക്കാനാവില്ലല്ലോ. അവിവാഹിതയായ ഇന്ദിരയ്ക്ക് അകാലത്തിൽ മരിച്ച ഇളയ സഹോദരിയുടെ മക്കളുടെ ഭാവികൂടി നോക്കേണ്ടതുണ്ട്.

വിരമിക്കുന്നതോടെ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കാനാവില്ലെങ്കിലും പവർ ലിഫിറ്റിംഗ് അസോസിയേഷന്റെ മത്സരങ്ങളിൽ തുടരാമെന്നതാണ് ആശ്വാസം.

മത്സരങ്ങൾക്ക് ആവശ്യമായ വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാനായിട്ടില്ല. പ്രായക്കൂടുതലെന്ന് പറഞ്ഞ് മത്സരങ്ങൾക്ക് സ്പോൺസർമാരെയും കിട്ടാറില്ല. എങ്കിലും കേരളത്തിന് വേണ്ടി മത്സരിക്കുമെന്നും വിജയിക്കുമെന്നും ഇന്ദിര പറയുന്നു.