
കേരളത്തിൽ എവിടെയും കാണുന്ന ഒരു പക്ഷിയാണ് കാക്ക. ചെറുപ്പത്തിൽ നമ്മൾ കേട്ട് വളർന്ന പല കഥകളിലും പാട്ടുകളിലും ഒരു പ്രധാന വേഷം കാക്കയ്ക്ക് തന്നെ ആയിരിക്കാം. സൂത്രക്കാരനും വൃത്തിക്കാരനുമാണ് കാക്ക. എന്നാൽ കാക്കയെ കുറിച്ചുള്ള മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത കണ്ടെത്തിയിരിക്കുകയാണ് പക്ഷി വിദഗ്‌ധർ. മനുഷ്യർക്ക് മാത്രമല്ല കാക്കകൾക്കും പ്രതികാരബുദ്ധിയുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.
തങ്ങളെ ഉപദ്രവിച്ച ഒരാളെ 17 വർഷം വരെ ഓർത്ത് വച്ച് പ്രതികാരം ചെയ്യാൻ കാക്കകൾ ശ്രമിക്കുമത്രേ. വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്‌ത്രജ്ഞനായ പ്രൊഫസർ ജോൺ മാർസ്ലഫിന്റെ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2006ലാണ് കാക്കകളുടെ പ്രതികാരത്തെക്കുറിച്ച് ഗവേഷണം നടത്താൻ ഇദ്ദേഹം തീരുമാനിച്ചത്. പരീക്ഷണത്തിനായി ജോൺ ഒരു പ്രേതത്തിന്റെ മുഖംമൂടി ധരിച്ച് ഏഴ് കാക്കകളെ വലയിട്ട് പിടികൂടി.
ശേഷം തിരിച്ചറിയാൻ അവരുടെ ചിറകുകളിൽ അടയാളങ്ങൾ വച്ചശേഷം പരിക്കേൽപ്പിക്കാതെ വിട്ടയച്ചു. എന്നാൽ പിന്നീട് ആ ഏഴ് കാക്കകൾ തങ്ങളെ പിടികൂടിയ ആളെ തേടി നടന്നു. എപ്പോഴൊക്കെ കാമ്പസിലേക്ക് മുഖംമൂടി ധരിച്ച് ജോൺ എത്തിയോ അപ്പോഴൊക്കെ കാക്കകൾ അദ്ദേഹത്തെ ആക്രമിച്ചു. എന്നാൽ അതിൽ ഞെട്ടിച്ച സംഭവം ഈ ഏഴ് കാക്കകൾ മാത്രമല്ല മറ്റ് കാക്കകളും ജോണിനെ ആക്രമിക്കാൻ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഏകദേശം ഏഴ് വർഷത്തോളം കാക്കകൾ ആക്രമണം തുടർന്നു. 2013ന് ശേഷം കാക്കളുടെ ആക്രണം ക്രമേണ കുറയാൻ തുടങ്ങി.
ഒടുവിൽ തന്റെ പരീക്ഷണം തുടങ്ങി 17 വർഷത്തിന് ശേഷം കഴിഞ്ഞ വർഷം സെപ്തംബറിൽ ജോൺ വീണ്ടും മാസ്ക് ധരിച്ച് പുറത്തിറങ്ങി. എന്നാൽ അന്ന് കാക്കൾ അദ്ദേഹത്തെ ആക്രമിച്ചില്ല. സസ്‌തനികളിലെ അമിഗ്‌ഡാലയ്ക്ക് സമാനമായ മസ്തിഷ്ക മേഖല കാക്കൾക്കുമുണ്ടെന്ന് ജോൺ ഗവേഷണത്തിൽ കണ്ടെത്തി. ഇത് വികാരങ്ങൾ പ്രോസസ് ചെയ്യുന്ന തലച്ചോറിന്റെ ഭാഗമാണ്.
കാക്കകൾക്ക് മനുഷ്യന്റെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാനും ഒപ്പം മനുഷ്യരുടെ മുഖങ്ങൾ തിരിച്ചറിയാനും കഴിയും. തങ്ങൾക്കെതിരെ ഒരു ഭീഷണിയുണ്ടെന്ന് കണ്ടാൽ തിരിച്ചറിയാനും ഓർത്ത് വയ്ക്കാനും ഇതുമൂലം കാക്കകൾക്ക് കഴിയുന്നു. ഈ പക കൂട്ടത്തിലെ മറ്റ് കാക്കകൾക്ക് കെെമാറാനും ഇതുവഴി കൂട്ട ആക്രമണം നടത്താനും കാക്കകൾക്ക് സാധിക്കും.